ഓപ്പണര്‍മാരായ വിഹാന്‍ മല്‍ഹോത്ര, ക്യാപ്റ്റൻ ആയുഷ് മാത്രെ, വൈഭ് സൂര്യവന്‍ഷി, വേദാന്ത് ത്രിവേദി, രാഹുല്‍ കുമാര്‍, ഹര്‍വന്‍ഷ് പംഗാലിയ, ഖിലൻ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

മക്കായ്: ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 135 റണ്‍സിന് മറുപടിയായി ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അണ്ടര്‍ 19 ടീം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സുമായി ഹെനില്‍ പട്ടേലും ആറ് റണ്‍സോടെ ദീപേഷ് ദേവേന്ദ്രനും ക്രീസില്‍. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ ഒമ്പത് റണ്‍സിന്‍റെ ലീഡ് മാത്രമാണുള്ളത്.

ഓപ്പണര്‍മാരായ വിഹാന്‍ മല്‍ഹോത്ര, ക്യാപ്റ്റൻ ആയുഷ് മാത്രെ, വൈഭ് സൂര്യവന്‍ഷി, വേദാന്ത് ത്രിവേദി, രാഹുല്‍ കുമാര്‍, ഹര്‍വന്‍ഷ് പംഗാലിയ, ഖിലൻ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 26 റണ്‍സെടുത്ത ഖിലന്‍ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഓസ്ട്രേലിയക്കായി കേസി ബാര്‍ട്ടൺ മൂന്നും വില്‍ ബ്യോണ്‍ രണ്ടും വിക്കറ്റെടുത്തു.

ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെ 135 റണ്‍സില്‍ പുറത്താക്കിയതിന്‍റെ ആവേശത്തില്‍ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ യവനിരക്ക് തുടക്കത്തിലെ അടിതെറ്റി. നാലാം ഓവറില്‍ വിഹാന്‍ മല്‍ഹോത്രയെ(11) മടക്കി വില്യ ബ്യോണ്‍ ആണ് ഇന്ത്യക്ക് ആദ്യപ്രഹരമേല്‍പ്പിച്ചത്. ഒരു പന്തിനന്‍റെ ഇടവേളയില്‍ ക്യാപ്റ്റൻ ആയുഷ് മാത്രെയയെ(4) കൂടി ബ്യോണ്‍ മടക്കിയതോടെ ഇന്ത്യൻ യുവനിര പ്രതിരോധത്തിലായി. രണ്ട് ഫോറും ഒരു സിക്സും അടക്കം 14 പന്തില്‍ 21 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷി തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ചാള്‍സ് ലാച്‌മുന്ദിന്‍റെ പന്തില്‍ മടങ്ങിയതോടെ ഇന്ത്യ 41-3 എന്ന സ്കോറില്‍ പതറി. പിന്നീട് രാഹുല്‍ കുമാറും വേദാന്ത് ത്രിവേദിയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 80 റണ്‍സിലെത്തിച്ചു. രാഹുല്‍ കുമാറിനെ മടക്കിയ കേസി ബാര്‍ട്ടണ്‍ കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യ വീണ്ടും തകര്‍ന്നടിഞ്ഞു. വേദാന്ത് ത്രിവേദി(25), ഹര്‍വന്‍ഷ് പംഗാലിയ(1) എന്നിവരെ കൂടി നഷ്ടമായി 82-6ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ഖിലന്‍ പട്ടേലും(26) ഹെനില്‍ പട്ടേലും ചേര്‍ന്നാണ് 100 കടത്തിയത്. സ്കോര്‍ 130ല്‍ നില്‍ക്കെ ഖിലന്‍ പട്ടേല്‍ പുറത്തായെങ്കിലും ദീപേഷ് ദേവേന്ദ്രനെ കൂട്ടുപിടിച്ച് ഹെനില്‍ പട്ടേല്‍ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു.

ഓസീസിനെ എറിഞ്ഞിട്ടു

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന്‍റെ ഒന്നാം ഇന്നിംഗ്സ് 135 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യൻ യുവനിര മേല്‍ക്കൈ നേടിയത്. 66 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അലക്സ് ലീ യംഗ് മാത്രമാണ് ഓസീസിനായി പൊരുതിയത്. യാഷ് ദേശ്മുഖ് 22 റണ്‍സെടുത്തപ്പോള്‍ 10 റണ്‍സെടുത്ത ക്യാപ്റ്റൻ വില്‍ മലാസുക്ക് ആണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ താരം. ഇന്ത്യക്കായി ഹെനില്‍ പട്ടേലും ഖിലന്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉദ്ധവ് മോഹന്‍ രണ്ട് വിക്കറ്റെടുത്തു. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ അണ്ടര്‍ 19 ഇന്നിംഗ്സിനും 58 റണ്‍സിനും ജയിച്ചിരുന്നു.നേരത്തെ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ യുവനിരക്ക് ഈ ടെസ്റ്റ് കൂടി ജയിച്ചാല്‍ ടെസ്റ്റ് പരമ്പരയും തൂത്തുവാരാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക