ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം സ്‌ട്രൈക്ക് റേറ്റിന് ഏറെ പഴികേട്ട താരമാണ് ഇഷാന്‍ കിഷന്‍

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍(IND vs SA T20Is) കാത്തിരിക്കുന്ന പ്രകടനം ഇഷാന്‍ കിഷന്‍റേതെന്ന്(Ishan kishan) ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍(Parthiv Patel). മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ഇന്ത്യക്കായി റണ്‍ കണ്ടെത്താന്‍ ഇഷാന് കഴിയുമെന്ന് പാര്‍ഥീവ് പ്രതീക്ഷയര്‍പ്പിച്ചു. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം സ്‌ട്രൈക്ക് റേറ്റിന് ഏറെ പഴികേട്ട താരമാണ് ഇഷാന്‍ കിഷന്‍. 

'ടൂര്‍ണമെന്‍റില്‍ കാത്തിരിക്കുന്ന പ്രകടനം ഇഷാന്‍ കിഷന്‍റേതാണ്. മുംബൈ ഇന്ത്യന്‍സിനായി നല്ല തുടക്കമാണ് അദേഹം നേടിയത്. എന്നാല്‍ അതിന് ശേഷം അത്ര മികച്ച നിലയിലേക്ക് ഉയര്‍ന്നില്ല. എന്നാല്‍ ടീം ഇന്ത്യക്കായി കളിക്കുമ്പോള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ഇഷാന്‍ കിഷനാകും. ഇഷാന്‍ ടീമിനൊരു ഇടംകൈയന്‍ ഓപ്പണറുടെ ഓപ്‌ഷന്‍ നല്‍കുന്നു. സ്വതന്ത്രവും ഭയരഹിതവുമായി കളിക്കുകയാണ് ഇഷാന്‍ ചെയ്യേണ്ടത്' എന്നും പരമ്പരയ്‌ക്ക് മുന്നോടിയായി പാര്‍ഥീവ് പട്ടേല്‍ ക്രിക്‌ബസിനോട് പറഞ്ഞു. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു ഇഷാന്‍ കിഷന്‍. 418 റണ്‍സായിരുന്നു 23കാരനായ താരത്തിന്‍റെ സമ്പാദ്യം. എന്നാല്‍ 120.11 സ്‌ട്രൈക്ക് റേറ്റ് മാത്രമായിരുന്നു താരത്തിനുണ്ടായിരുന്നത്. 

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഏറെ നിര്‍ണായകം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡികോക്കായിരിക്കുമെന്നും പാര്‍ഥീവ് പറഞ്ഞു. 'ദക്ഷിണാഫ്രിക്ക പരമ്പര നേടണമെങ്കില്‍ ഏറ്റവും നിര്‍ണായകം ഡികോക്കിന്‍റെ പ്രകടനമായിരിക്കും. ഐപിഎല്ലിലെ മികവാണ് ഇതിന് കാരണം' എന്നാണ് പാര്‍ഥീവിന്‍റെ വാക്കുകള്‍. ഐപിഎല്‍ 15-ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി 15 മത്സരങ്ങളില്‍ 508 റണ്‍സ് ഡികോക്ക് നേടിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെതിരെ പുറത്താകാതെ നേടിയ 140* റണ്‍സ് ലഖ്‌നൗ ഓപ്പണറായ ഡികോക്കിനെ ശ്രദ്ധേയനാക്കി. 

ദില്ലിയിൽ രാത്രി 7 മണിക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 തുടങ്ങുക. പരിക്കേറ്റ കെ എൽ രാഹുലിന് പകരം റിഷഭ് പന്താണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. സ്‌പിന്നര്‍ കുൽദീപ് യാദവും പരമ്പരയിൽ കളിക്കുന്നില്ല. ഐപിഎല്ലില്‍ കിരീടം നേടിയ ഗുജറാത്ത് ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമാകും. ട്വന്‍റി 20യിൽ 12 തുടർ വിജയങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെയിറങ്ങുന്നത്. നേർക്കുനേർ പോരിൽ മുൻതൂക്കം ഇന്ത്യക്കാണ്. 15 കളിയിൽ 9ൽ ഇന്ത്യയും ആറിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു. 

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാ‍ഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

IND vs SA : അരങ്ങേറ്റം കുറിക്കുമോ ഉമ്രാന്‍ മാലിക്? ഇന്ത്യയുടെ സാധ്യതാ ഇലവന്‍