ഭുവിക്കൊപ്പം ഐപിഎല്ലിലെ അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിന് അവസരം ലഭിക്കുമോ എന്നതാണ് വലിയ ആകാംക്ഷ
ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്ക്(India v South Africa series 2022) ഇറങ്ങുകയാണ് ടീം ഇന്ത്യ(Team India). ഐപിഎല്‍ പതിനഞ്ചാം സീസണിന് തൊട്ടുപിന്നാലെയുള്ള പരമ്പരയാണ് എന്നതിനാല്‍ ആരൊക്കെ പ്ലേയിംഗ് ഇലവനില്‍ എത്തും എന്നത് വലിയ ആകാംക്ഷയാണ്. പ്രത്യേകിച്ച് വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്‌പ്രീത് ബുമ്രയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20യില്‍(IND vs SA 1st T20I) ഇന്ത്യന്‍ ടീമിന്‍റെ സാധ്യതാ ഇലവന്‍(India Predicted XI) നോക്കാം.
റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവാനാണ് സാധ്യത. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പ് തുടര്‍ന്ന് ശ്രേയസ് അയ്യര്‍, നായകന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, സ്‌പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിങ്ങനെയാവാനാണ് സാധ്യത. പാണ്ഡ്യയുടെയും ഡികെയുടേയും ഐപിഎല്‍ ഫോം വലിയ പ്രതീക്ഷയാണ്. യുസ്‌വേന്ദ്ര ചാഹലായിരിക്കും മറ്റൊരു സ്‌പിന്നര്‍. ടീമിലെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. ഭുവിക്കൊപ്പം ഐപിഎല്ലിലെ അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിന് അവസരം ലഭിക്കുമോ എന്നതാണ് വലിയ ആകാംക്ഷ. ഐപിഎല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ ഹര്‍ഷല്‍ പട്ടേല്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്നുറപ്പ്. ഹര്‍ഷലിന്‍റെ ഡെത്ത് ഓവറുകള്‍ നിര്‍ണായകമാകും. അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നീ പേസര്‍മാരും മത്സരരംഗത്തുണ്ട്.
സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍.
ദില്ലിയിൽ രാത്രി 7 മണിക്കാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 തുടങ്ങുക. പരിക്കേറ്റ കെ എൽ രാഹുലിന് പകരം റിഷഭ് പന്താണ് ടീമിനെ നയിക്കുക. കുൽദീപ് യാദവും പരമ്പരയിൽ കളിക്കുന്നില്ല. ഐപിഎല്ലില്‍ കിരീടം നേടിയ ഗുജറാത്ത് ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകം. ട്വന്‍റി 20യിൽ 12 തുടർ വിജയങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെയിറങ്ങുന്നത്. നേർക്കുനേർ പോരിൽ മുൻതൂക്കം ഇന്ത്യക്കാണ്. 15 കളിയിൽ 9ൽ ഇന്ത്യയും ആറിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു.
