Asianet News MalayalamAsianet News Malayalam

ഈ ഭുവിയെക്കൊണ്ട് 'തോറ്റു'; ഡെത്ത് ഓവറില്‍ വീണ്ടും ഇന്ത്യയെ ചതിച്ച് ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗ്

വേഗം കൊണ്ടല്ല, ഡെത്ത് ഓവറുകളിലെ യോര്‍ക്കറുകള്‍ കൊണ്ടും സ്ലോ ബോളുകള്‍ കൊണ്ടും നക്കിള്‍ ബോളുുകള്‍ കൊണ്ടുമെല്ലാമാണ് ഭുവി എതിരാളികളെ വിറപ്പിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറേ മത്സരങ്ങളിലായി ഡെത്ത് ഓവറുകളില്‍ ഭുവി യോര്‍ക്കറുകള്‍ പരീക്ഷിക്കുന്നത് തന്നെ അപൂര്‍വമാണ്.

India vs Asutralia: Bhuvneshwar Kumar's death bowling costs India another Game
Author
First Published Sep 21, 2022, 11:24 AM IST

മൊഹാലി: ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ സ്വിംഗ് കൊണ്ടും ഒടുക്കത്തില്‍ പന്തിന്‍മേലുള്ള നിയന്ത്രണത്താലും ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ഭുവനേശ്വര്‍ കുമാര്‍. ഫോമില്ലായ്മയുടെയും പരിക്കിന്‍റെയും പേരില്‍ ടീമില്‍ നിന്ന് പുറത്തായശേഷം ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളോടെ ടീമില്‍ തിരിച്ചെത്തിയ ഭുവി ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ മികവ് കാട്ടി ടി20 ലോകകപ്പിലെ തന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഏഷ്യാ കപ്പ് മുതല്‍ വിശ്വസ്തനായ ഭുവിയില്‍ നിന്ന് ഡെത്ത് ഓവറുകളില്‍ ബാധ്യതയാകുന്ന ഭുവിയെ ആണ് കാണാനാകുന്നത്. ഇന്നലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്ത ഭുവി കരിയറില്‍ ആദ്യമായി ബൗളിംഗില്‍ അര്‍ധസെ‍ഞ്ചുരി തികച്ചുവെന്ന നാണക്കേടും പേറിയാണ് ഗ്രൗണ്ട് വിട്ടത്.

'നിന്ന് താളം ചവിട്ടാതെ കയറി പോടോ'; സ്റ്റീവ് സ്മിത്തിന് രോഹിത് ശര്‍മ നല്‍കിയ യാത്രയയപ്പ്-വീഡിയോ

വേഗം കൊണ്ടല്ല, ഡെത്ത് ഓവറുകളിലെ യോര്‍ക്കറുകള്‍ കൊണ്ടും സ്ലോ ബോളുകള്‍ കൊണ്ടും നക്കിള്‍ ബോളുുകള്‍ കൊണ്ടുമെല്ലാമാണ് ഭുവി എതിരാളികളെ വിറപ്പിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറേ മത്സരങ്ങളിലായി ഡെത്ത് ഓവറുകളില്‍ ഭുവി യോര്‍ക്കറുകള്‍ പരീക്ഷിക്കുന്നത് തന്നെ അപൂര്‍വമാണ്.

ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ ഭുവിയുടെ ഒറ്റ ഓവറാണ് കളി ഇന്ത്യയുടെ കൈയില്‍ നിന്ന് കളഞ്ഞത്. രവി ബിഷ്ണോയി പതിനെട്ടാം ഓവറില്‍ പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കിയശേഷം നിര്‍ണായക പത്തൊമ്പതാം ഓവര്‍ എറിയാന്‍ ഭുവി എത്തുമ്പോള്‍ പാക്കിസ്ഥാന് ജയത്തിലേക്ക് 12 പന്തില്‍ വേണ്ടിയിരുന്നത് 26 റണ്‍സായിരുന്നു. എന്നാല്‍ പത്തൊമ്പതാം ഓവറില്‍ ഭുവി 19 റണ്‍സ് വഴങ്ങിയതോടെ കളി കൈവിട്ട ഇന്ത്യക്കായി അവസാന ഓവറില്‍ അര്‍ഷ്ദീപ സിംഗ് ഹൃദയം കൊണ്ട് പന്തെറിഞ്ഞെങ്കിലും ഒരു പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ തോറ്റു.

കാര്‍ത്തിക്, ചാഹല്‍ ടി20 ലോകകപ്പില്‍ വേണ്ട! സഞ്ജുവിനെ തിരിച്ചുവിളിക്കൂ; ബിസിസിഐക്ക് മുന്നില്‍ നിര്‍ദേശം

സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരെയും അവസാന ഓവറില്‍ ഇന്ത്യ ജയം കൈവിട്ടപ്പോള്‍ പത്തൊമ്പതാം ഓവര്‍ എറിഞ്ഞത് ഭുവി തന്നെയായിരുന്നു. രണ്ടോവറില്‍ ജയത്തിലേക്ക് ലങ്കക്ക് 21 റണ്‍സ് വേണമെന്നിരിക്കെ നിര്‍ണായക പത്തൊമ്പതാം ഓവറില്‍ 14 റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്. ഇതോടെ അവസാന ഓവറില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ വീണ്ടും ഇന്ത്യ കളി കൈവിട്ടു. ഈ രണ്ട് തോല്‍വികള്‍ ഇന്ത്യയെ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരെ പവര്‍ പ്ലേയില്‍ തന്നെ നാലോവറില്‍ അഞ്ച് വിക്കറ്റുമായി മടങ്ങി വന്നെങ്കിലും ഇന്നലെ ഓസ്ട്രേലിയക്കെതിരെയും ഭുവിയുടെ ഡെത്ത് ബൗളിംഗ് ഇന്ത്യയെ ചതിച്ചു. അവസാന നാലോവറില്‍ 55ഉം  രണ്ടോവറില്‍ 18ഉം റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനേഴാം ഓവര്‍ എറിഞ്ഞ ഭുവി ആദ്യം 15 റണ്‍സ് വഴങ്ങി. അടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 22 റണ്‍സ് വിട്ടുകൊടുത്തതോടെ ഓസീസ് ലക്ഷ്യം രണ്ടോവറില്‍ 18 റണ്‍സായി. പത്തൊമ്പതാം ഓവറില്‍ ഭുവി 16 റണ്‍സ് വിട്ടുകൊടുത്തോടെ ഇന്ത്യ കളി കൈവിട്ടു. അവസാന ഓവറില്‍ വേണ്ട രണ്ട് റണ്‍സ് ഓസീസ് അനായാസം അടിച്ചെടുക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios