പരമ്പരാഗതമായി വാംഖഡെ സ്റ്റേഡിയം ബൗളര്‍മാരുടെ ശവപ്പറമ്പാണ്. പന്ത് അനായാസം ബാറ്റിലേക്ക് വരുന്ന പിച്ചില്‍ വലിയ സ്കോര്‍ തന്നെ പ്രതീക്ഷിക്കാം. മഞ്ഞുവീഴ്ച വലിയ പ്രശ്നമാകില്ലെങ്കിലും മുംബൈയില്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
മുംബൈ: ടെസ്റ്റ് പരമ്പര ജയത്തിനുശേഷം ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ നാളെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഇരു ടീമുകളും അവരുടെ സ്ഥിരം നായകനില്ലാതെയാവും കളിക്കുക. ഓസ്ട്രേലിയന്‍ ടീമില്‍ പാറ്റ് കമിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തും ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ടീമിനെ നയിക്കുന്നത്.
വാംഖഡെയില്‍ റണ്ണൊഴുകും പിച്ച്
പരമ്പരാഗതമായി വാംഖഡെ സ്റ്റേഡിയം ബൗളര്‍മാരുടെ ശവപ്പറമ്പാണ്. പന്ത് അനായാസം ബാറ്റിലേക്ക് വരുന്ന പിച്ചില്‍ വലിയ സ്കോര്‍ തന്നെ പ്രതീക്ഷിക്കാം. മഞ്ഞുവീഴ്ച വലിയ പ്രശ്നമാകില്ലെങ്കിലും മുംബൈയില്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
വാംഖഡെയില്‍ നടന്ന അവസാന ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. 2020 ജനുവരിയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ പത്ത് വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഡേവിഡ് വാര്‍ണറുടെയും ആരോണ്‍ ഫിഞ്ചിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 37.4 ഓവറില്‍ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി.
രോഹിത് ശര്‍മയും വിരാട് കോലിയും നിരാശപ്പെടുത്തിയ മത്സരത്തില്‍ ശിഖര്‍ ധവാനും(74) കെ എല്‍ രാഹുലും(47) ആണ് അന്ന് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസീസ് ബാറ്റിംഗില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും ഷര്‍ദ്ദുല്‍ ഠാക്കൂറും അടക്കമുള്ള പേസര്‍മാരെല്ലാം റണ്‍സ് വഴങ്ങിയപ്പോള്‍ ജഡേജയും കുല്‍ദീപ് യാദവും മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട ബൗളിംഗ് നടത്തിയത്.
ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20 മത്സരത്തിനും വാംഖഡേ സ്റ്റേഡിയം വേദിയായിരുന്നു.അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 20 ഓവറില്‍ 160 റണ്‍സിന് ഓള്‍ ഔട്ടായി രണ്ട് റണ്‍സിന് തോറ്റു. നാലു വിക്കറ്റെടുത്ത പേസര്‍ ശിവം മാവിയായിരുന്നു ഇന്ന് ഇന്ത്യക്കായി തിളങ്ങിയത്.
