നാഗ്‌പൂര്‍: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വിറച്ച നാഗ്‌പൂരിലെ പിച്ചില്‍ ഹീറോയാവുകയായിരുന്നു വിരാട് കോലി. ഏകദിനത്തിലെ നാല്‍പ്പതാമത്തെയും ഓസ്‌ട്രേലിയക്കെതിരായ ഏഴാം ശതകവുമാണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. 120 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതം 116 റണ്‍സ് കോലി സ്വന്തമാക്കി. 

വിരോചിത ഇന്നിംഗ്‌സിലൂടെ തിളങ്ങിയ കോലിയെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കോലിയെ പ്രശംസിച്ച് രംഗത്തെത്തി. 

ഏകദിനത്തില്‍ നായകനെന്ന നിലയില്‍ വേഗത്തില്‍ 9000 റണ്‍സ് തികച്ച താരമെന്ന നേട്ടത്തിലും കോലിയെത്തി. നാഗ്‌പൂരില്‍ 22 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗിനെ കോലി മറികടന്നു. പോണ്ടിംഗ് 203 ഇന്നിംഗ്സുകളില്‍ 9000 ക്ലബില്‍ എത്തിയപ്പോള്‍ കോലിക്ക് 159 ഇന്നിംഗ്‌സുകളെ വേണ്ടിവന്നുള്ളു. നായകനായി 9000 റണ്‍സ് നേടുന്ന ആറാമത്തെ താരം കൂടിയാണ് കോലി.