ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഹൈദരാബാദിലെയും നാഗ്‌പൂരിലെയും ജയം ആവർത്തിച്ചാൽ റാഞ്ചിയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് പരമ്പര വിജയമാണ്. 

റാഞ്ചി: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് റാഞ്ചിയിൽ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഹൈദരാബാദിലെയും നാഗ്‌പൂരിലെയും ജയം ആവർത്തിച്ചാൽ റാഞ്ചിയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് പരമ്പര വിജയമാണ്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഓസ്ട്രേലിയക്കും ജയം അനിവാര്യമാണ്. 

വിരാട് കോലിയും സംഘവും ഗ്രൗണ്ടിലിറങ്ങുമ്പോൾ എല്ലാ കണ്ണുകളും എം എസ് ധോണിയിലായിരിക്കും. സ്വന്തം കാണികൾക്ക് മുന്നിൽ മുൻ ക്യാപ്റ്റന്‍റെ അവസാന രാജ്യാന്തര മത്സരം ആയേക്കുമിത്. ലോകകപ്പ് അടുത്തിരിക്കേ ശിഖർ ധവാന്‍റെയും അംബാട്ടി റായ്ഡുവിന്‍റെയും മങ്ങിയ ഫോമാണ് ഇന്ത്യയുടെ ആശങ്ക. അവസാന 15 ഏകദിനത്തിൽ ധവാന് നേടാനായത് രണ്ട് അ‌ർധസെഞ്ച്വറി മാത്രം. നാൽപ്പതാം സെഞ്ച്വറി നേടിയ കോലി തന്നെയാണ് ബാറ്റിംഗിന്‍റെ നെടുന്തൂൺ.

ധോണിയുടെയും കേദാർ ജാദവിന്‍റെയും വിജയ് ശങ്കറിന്‍റെയും മികവിനൊപ്പം ഭുവനേശ്വർ കുമാർ വിശ്രമം കഴിഞ്ഞെത്തുന്നത് ബൗളിംഗിന്‍റെ മൂർച്ചകൂട്ടും. ഇതോടെ മുഹമ്മദ് ഷമി പുറത്തിരിക്കേണ്ടിവരും. കുൽദീപ് യാദവും രവീന്ദ്ര ജഡേജയും സ്‌പിന്നർമാരായി തുടരും. മറുപടിയായി ഓസ്ട്രേലിയയും രണ്ട് സ്‌പിന്നർമാരെ കളിപ്പിക്കും. ബാറ്റ്സ്മാൻമാർ മികച്ച സ്കോറിൽ എത്താത്താണ് ഓസീസിനെ അലട്ടുന്നത്. 

റാഞ്ചിയിൽ ഇതിന് മുൻപ് നടന്ന നാല് കളിയില്‍ രണ്ടിൽ ഇന്ത്യ ജയിച്ചു. അവസാന കളിയിൽ ന്യുസീലൻഡിനോട് തോറ്റപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു.