കോലിയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ ആലോചിക്കാനായി ടീം മീറ്റിംഗില്‍ ഓസ്ട്രേലിയന്‍ ടീം അധികസമയം ചെലവിടാറുണ്ടെന്നും സാംപ

ഹൈദരാബാദ്: ഹൈദരാബാദ് ഏകദിനത്തില്‍ വിരാട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ ഒരിക്കല്‍ കൂടി കരുത്തുകാട്ടിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചത് കോലിക്ക് ഇതെന്തു പറ്റിയെന്നായിരുന്നു. മികച്ച തുടക്കങ്ങള്‍ അപൂര്‍വമായി മാത്രം നഷ്ടമാക്കുന്ന കോലി കരിയറില്‍ നാലാം തവണയാണ് സാംപയുടെ ലെഗ് സ്പിന്നിന് മുന്നില്‍ മുട്ടുമടക്കുന്നത്.

എന്നാല്‍ തനിക്ക് ഇന്ത്യന്‍ നായകനെ വീഴ്ത്താനുള്ള തന്ത്രം ഉപദേശിച്ചത് മുന്‍ ഇന്ത്യന്‍ താരവും ഓസീസ് ടീമിന്റെ സ്പിന്‍ വിഭാഗം ഉപദേശകനുമായ ശ്രീധരന്‍ ശ്രീരാമാണെന്ന് സാംപ പറഞ്ഞു. കോലിയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ ആലോചിക്കാനായി ടീം മീറ്റിംഗില്‍ ഓസ്ട്രേലിയന്‍ ടീം അധികസമയം ചെലവിടാറുണ്ടെന്നും സാംപ പറഞ്ഞു. കോലിയുടെ വിക്കറ്റ് കിട്ടുന്നത് ബൗളറെന്ന നിലയില്‍ നമ്മുടെ ആത്മവിസ്വാസം കൂട്ടുമെന്നും സാംപ വ്യക്തമാക്കി.

ടി20യിലും ഏകദിനത്തിലുമായി 13 തവണ പരസ്പരം കളിച്ചപ്പോള്‍ നാലുതവണയും കോലിയെ വീഴ്ത്തിയത് സാംപയായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് ശ്രീരാമിനുള്ള അറിവാണ് മികച്ച രീതിയില്‍ പന്തെറിയാന്‍ സഹായിക്കുന്നതെന്നും സാംപ പറഞ്ഞു.