അഡ്‌ലെയ്‌ഡ്: ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് വേദിയാകേണ്ട അഡ്‌ലെയ്ഡിൽ കൊവിഡ് വ്യാപനം രൂക്ഷം. ഓസീസ് നായകന്‍ ടിം പെയിന്‍ അടക്കം കളിക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം സെല്‍ഫ് ഐസൊലേഷനിലേക്ക് മാറി. ആഭ്യന്തര ടൂര്‍ണമെന്‍റീയ ഷെഫീല്‍ഡ് ഷീൽഡ് കളിച്ച അഞ്ച് ടീമിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും ഉടന്‍ കൊവിഡ് പരിശോധന നടത്തുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. അതേസമയം പരമ്പര മുടങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു.

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് വേദിയാവേണ്ട അഡ്‌ലെയ്‌ഡില്‍ കൊവിഡ് ക്ലസ്റ്റര്‍ സ്ഥിരീകരിച്ചതിനാല്‍ അയല്‍ സംസ്ഥാനങ്ങള്‍ ദക്ഷിണ ഓസ്ട്രേലിയയുമായുള്ള അതിര്‍ത്തികള്‍ അടച്ചു. അ‍ഡ്‌ലെയ്‌ഡില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ക്വീന്‍സ്‌ലനാന്‍ഡ് 14 ദിവസത്തോ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കി. സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. നിലവില്‍ ചെറിയ ക്ലസ്റ്റര്‍ മാത്രമാണ് രൂപപ്പെട്ടിട്ടുള്ളതെന്നും കാര്യങ്ങള്‍ കൈവിട്ട് പോവില്ലെന്നാണ് പ്രതീക്ഷയെന്നും മുന്‍ ഓസ്ട്രേലിയന്‍ പരിശീലകനും നിലവില്‍ ബ്രിസ്ബേന്‍ ഹീറ്റ്സിന്‍റെ പരിശീലനകനുമായ ഡാരന്‍ ലേമാന്‍ പറഞ്ഞു.

പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കുന്ന ഏക ടെസ്റ്റാണ് അഡ്‌ലെയ്‌ഡിലേത്. ഡേ നൈറ്റ് ടെസ്റ്റാണ് ഇവിടെ നടക്കുക. വിദേശത്തെ ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. നിലവില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനമെങ്കിലും കൊവിഡ് ബാധ കാണികളുടെ എണ്ണം ഗണ്യമായി കുറക്കാന്‍ ഇടയാക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കരുതുന്നത്. അഡ്‌ലെയ്ഡില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായില്ലെങ്കില്‍ ആദ്യ ടെസ്റ്റ് സിഡ്നിയിലേക്ക് മാറ്റാനും ആലോചനയുണ്ട്. ഈ മാസം 27ന് സിഡ്നിയില്‍ തുടങ്ങുന്ന ഏകദിന പരമ്പരയോടെയാണ് ഇന്ത്യയയുടെ ഓസീസ് പര്യടനം തുടങ്ങുക