ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റാല്‍ പിന്നീട് പരമ്പരയില്‍ ഇന്ത്യക്കൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഓസീസ് ജയിച്ചാല്‍ അവര്‍ പരമ്പര 4-0ന് തൂത്തുവാരുമെന്നും വോണ്‍ ക്രിക്ക്ബസിനോട് പറഞ്ഞു.

ആദ്യ ടെസ്റ്റ് തോറ്റാല്‍ പിന്നെ ഇന്ത്യക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ കോലിയില്ലാത്ത ഇന്ത്യയെ ഓസീസ് തൂത്തുവാരും. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും അടങ്ങുന്ന ഓസീസ് പേസ് നിരയെ നിര്‍വീര്യമാക്കിയില്ലെങ്കില്‍ ഇന്ത്യ പരമ്പരയില്‍ പാടുപെടും.

കാരണം കൂക്കബുര പന്തുകളില്‍ മികവുകാട്ടാന്‍ ഇവര്‍ക്കാവും. അഡ്‌ലെയ്ഡില്‍ പിങ്ക് ടെസ്റ്റില്‍ ഓസീസ് ഇതുവരെ തോറ്റിട്ടില്ല. ആ ചരിത്രം ആവര്‍ത്തിച്ചാല്‍ പിന്നെ ഇന്ത്യക്ക് തിരിച്ചുവരാനാവുമെന്ന് തോന്നുന്നില്ല. ആദ്യ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ ഇല്ലാത്തത് ഇന്ത്യക്ക് ഗുണകരമാണെങ്കിലും പിന്നെയും വെല്ലുവിളികളുണ്ടെന്നും വോണ്‍ പറഞ്ഞു.

വാര്‍ണര്‍ ആദ്യ ടെസ്റ്റിനില്ലാത്തത് ഇന്ത്യക്ക് ചെറിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ആര് ഓപ്പണ്‍ ചെയ്യുമെന്ന കാര്യത്തില്‍ ഓസ്ട്രേലിയക്ക് ചെറിയ ആശയക്കുഴപ്പമുണ്ട്. പക്ഷെ സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബുഷെയ്നും അടങ്ങുന്ന ബാറ്റിംഗ് നിരയില്‍ ട്രാവിസ് ഹെഡ്ഡിനെപ്പോലുള്ള മികവുറ്റ കളിക്കാരുമുണ്ട്. ഓസീസില്‍ ഈ ആക്രമണനിരക്കെതിരെ അധികം ടീമുകളൊന്നും വലിയ സ്കോര്‍ നേടാനായിട്ടില്ല. അതുകൊണ്ടാണ് ആദ്യ ടെസ്റ്റില്‍ തോറ്റാല്‍ ഇന്ത്യ 4-0ന് പരമ്പര കൈവിടുമെന്ന്  പറയുന്നതെന്നും വോണ്‍ പറഞ്ഞു.