മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റ് തോല്‍വി വഴങ്ങിയ ഇന്ത്യയുടെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡും. 2005നുശേഷം ആദ്യമായാണ് ഇന്ത്യ ഏകദിനത്തില്‍ 10 വിക്കറ്റ് തോല്‍വി വഴങ്ങുന്നത്.

2005ല്‍ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ അവസാനമായി 10 വിക്കറ്റിന് തോല്‍പ്പിച്ചത്. 189 റണ്‍സ് വിജയലക്ഷ്യമാണ് അന്ന് ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത്. 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന് 10 വിക്കറ്റിന് ജയിക്കുന്ന ടീമുമായി.

 ഏകദിനത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ പത്ത് വിക്കറ്റ് തോല്‍വിയാണിത്. 1981ല്‍ ന്യൂസിലന്‍ഡ്(വിജയലക്ഷ്യം 113), 1997ല്‍ വെസ്റ്റ് ഇന്‍ഡീസ്(വിജയലക്ഷ്യം 200), 2000ല്‍ ദക്ഷിണാഫ്രിക്ക(വിജയലക്ഷ്യം 165) എന്നിങ്ങനെയാണ് ഇതിന് മുമ്പത്തെ ഇന്ത്യയുടെ 10 വിക്കറ്റ് തോല്‍വികള്‍. ഇന്ത്യയില്‍ ഓസ്ട്രേലിയക്കെതിരെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇന്ത്യ വഴങ്ങുന്നത്.

2003-20006ലും ഓസ്ട്രേലിയ ഇന്ത്യയെ ഇന്ത്യയില്‍വെച്ച് തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ തോല്‍പ്പിച്ചിരുന്നു. മറ്റൊരു ടീമിനും ഈ നേട്ടം അവകാശപ്പെടാനില്ല. മുംബൈ വാംഖഡെയില്‍ ഇന്ത്യ വഴങ്ങുന്ന തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 2015ല്‍ ദക്ഷിണാഫ്രിക്കയോട് 214 റണ്‍സിനും 2017ല്‍ ന്യൂസിലന്‍ഡിനോട് ആറ് വിക്കറ്റിനും ഇപ്പോള്‍ ഓസ്ട്രേലിയയോട് 10 വിക്കറ്റിനും തോറ്റു.