മുംബൈ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങും മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി പേസ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സന്റെ പരിക്ക്. പരിക്കേറ്റ റിച്ചാര്‍ഡ്സണെ ടി20, ഏകദിന പരമ്പരകളില്‍ നിന്ന് ഒഴിവാക്കി. റിച്ചാര്‍ഡ്സണ് പകരക്കാരനായി ആഡ്ര്യു ടൈയെ ഓസീസ് ടീമിലെടുത്തു.

വിശാഖപട്ടണത്ത് ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് റിച്ചാര്‍ഡ്സണ് പരിക്കേറ്റത്. ബംഗലൂരുവില്‍ രണ്ടാം ടി20ക്കെത്തിയ റിച്ചാര്‍ഡ്സണ്‍ നെറ്റ്സില്‍ പന്തെറിഞ്ഞെങ്കിലും പരിക്ക് ഭേദമാവാത്തതിനാല്‍ പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങി.

റിച്ചാര്‍ഡ്സണ് പകരം എത്തുന്ന ആന്‍ഡ്ര്യു ടൈ ഓസീസിനായി ഏഴ് ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റാണ് ടൈയുടെ സമ്പാദ്യം. രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച് ഓസീസ് 1-0ന് മുന്നിലാണ്. ടി20 പരമ്പരക്കുശേഷം അഞ്ച് മത്സരങ്ങടങ്ങിയ ഏകദിന പരമ്പരയിലും ഇരു ടീമും ഏറ്റുമുട്ടും.