സിഡ്നി: ഐപിഎല്‍ ആവേശമൊടുങ്ങുന്നതിന് പിന്നാലെ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എട്ട് മാസങ്ങള്‍ക്കുശേഷമാണ് ഇന്ത്യ രാജ്യാന്തര മത്സരം കളിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷമാദ്യം ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് ടീം ഇന്ത്യ അവസാനമായി കളിച്ചത്.

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം വിരാട് കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യന്‍ ടീമിനെ ദുര്‍ബലപ്പെടുത്തുമെന്ന വാദം ശക്തമാവുന്നതിനിടെ ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ മൈക്കല്‍ വോണ്‍.

അച്ഛനാവാന്‍ ഒരുങ്ങുന്ന കോലി പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നത് ശരിയായ തീരുമാനമാണെങ്കിലും മൂന്ന് ടെസ്റ്റുകളില്‍ കോലി ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയെ അനായാസം കീഴടക്കി ഓസ്ട്രേലിയ പരമ്പര നേടുമെന്നാണ് വോണിന്‍റെ പ്രവചനം.

കോലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാവും ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. കഴിഞ്ഞ പരമ്പരയില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസീസിനെ കീഴടക്കി ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ പരമ്പര നേടിയിരുന്നു. എന്നാല്‍ ഇത്തവണ വാര്‍ണര്‍ക്കും സ്മിത്തിനും പുറമെ മാന്‍നസ് ലാബുഷെയ്ന്‍ എന്ന ക്ലാസ് താരം കൂടി ഓസീസ് നിരയില്‍ ഇന്ത്യക്ക് വെല്ലുവിളിയായുണ്ട്.