മുംബൈ: ഇന്ത്യയില്‍ ഏകദിന പരമ്പര ജയം തുടരാനാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3-2നായിരുന്നു സന്ദര്‍ശകരുടെ ജയം. ഇക്കുറി ഇറങ്ങുമ്പോള്‍ ഓസീസിന് പ്രതീക്ഷ നല്‍കുന്നത് കഴിഞ്ഞ തവണത്തെ വിജയം മാത്രമല്ല. 

ഇന്ത്യയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള വിദേശ ടീമാണ് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ കളിച്ച 91 ഏകദിനങ്ങളില്‍ 52 തവണ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് 34 മത്സരങ്ങളില്‍!. ഇതില്‍ ഇന്ത്യയില്‍ ഇന്ത്യക്കെതിരെ കളിച്ചത് 61 തവണ. 29 വിജയവും 27 പരാജയവുമാണ് ഓസീസിന്‍റെ അക്കൗണ്ടിലുള്ളത്. ഇന്ത്യയില്‍ ഒരു വിദേശ ടീമിന്‍റെ മികച്ച വിജയശരാശരിയാണ് ഓസ്‌ട്രേലിയയുടേത്. 

ഇരുരാജ്യങ്ങളും മുഖാമുഖം വന്ന ഒന്‍പത് പരമ്പരകളില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാന്‍ കങ്കാരുക്കള്‍ക്കായി. ഇതും വിദേശ ടീമുകളില്‍ റെക്കോര്‍ഡാണ്. അഞ്ചില്‍ നാല് പരമ്പര ജയങ്ങളും 1994-2009 കാലഘട്ടത്തിലാണ്. തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടവും(1987), 2006ല്‍ ചാമ്പ്യന്‍സ്‌ ട്രോഫിയും ഓസീസ് നേടിയത് ഇന്ത്യയില്‍ വെച്ചാണ്. എന്നാല്‍ 2011ലെ ഏകദിന ലോകകപ്പില്‍ അഹമ്മദാബാദില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് മടങ്ങിയതും പിന്നാലെ ഇന്ത്യ കപ്പുയര്‍ത്തിയതും ഓസീസിന് അത്ര നല്ല ഓര്‍മ്മയല്ല. 

ടോപ് ഓര്‍ഡറില്‍ കടുത്ത പ്രതിസന്ധി; ഇന്ത്യ- ഓസീസ് ഏകദിനം നാളെ, സാധ്യത ടീം ഇങ്ങനെ

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ഏകദിനം നാളെ മുംബൈയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം ആരംഭിക്കുക. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും വാംഖഡെയില്‍ പരിശീലനം നടത്തി. രണ്ടാം ഏകദിനം 17ന് രാജ്‌കോട്ടിലും മൂന്നാം മത്സരം 19ന് ബെംഗളൂരുവിലും നടക്കും.