രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റ് കീപ്പറെ മാറ്റി നിര്‍ത്തി ശീഖര്‍ ധവാന് ബാറ്റിംഗ് ലൈനപ്പില്‍ അവസരം നല്‍കണം.

ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ അന്തിമ ഇലവനില്‍ നിന്ന് രണ്ടു പേരെ ഒഴിവാക്കണമെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. മൂന്ന് വിക്കറ്റ് കീപ്പര്‍മാരുമായി കളിക്കുന്നതിലൂടെ ഔട്ട് ഫീല്‍ഡില്‍ ഓസ്ട്രേലിയക്ക് എപ്പോഴും എക്സ്ട്രാ റണ്ണിനുള്ള അവസരമാണ് ഇന്ത്യ ഒരുക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തില്‍ ഗവാസ്കര്‍ പറഞ്ഞു.

ആദ്യ ടി20യില്‍ ദിനേശ് കാര്‍ത്തിക്കും, ഋഷഭ് പന്തും ധോണിയും അന്തിമ ഇലവനില്‍ കളിച്ചിരുന്നു. ഇതില്‍ ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും ഔട്ട് ഫീല്‍ഡില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് എപ്പോഴും എക്സ്ട്രാ റണ്ണെടുക്കാന്‍ അവസരമുണ്ട്. അതുകൊണ്ട് രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റ് കീപ്പറെ മാറ്റി നിര്‍ത്തി ശീഖര്‍ ധവാന് ബാറ്റിംഗ് ലൈനപ്പില്‍ അവസരം നല്‍കണം. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യിലെ തോല്‍വി ദിനേശ് കാര്‍ത്തിക്കിന്റെ ആത്മവിശ്വാസം ഇടിച്ചിട്ടുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു.

ധവാനും രോഹിത്തും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ രാഹുല്‍ നാലാം നമ്പറില്‍ ഇറങ്ങണമെന്നും ഗവാസ്കര്‍ പറഞ്ഞു. പേസ് ബൗളിംഗിലാണ് ഗവാസ്കര്‍ മറ്റൊരു മാറ്റം നിര്‍ദേശിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഉമേഷ് യാദവിന്റെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ ഉമേഷിന് പകരം മറ്റൊരു പേസ് ബൗളറെ കളിപ്പിക്കുന്നതാകും ഉചിതമെന്നും ഗവാസ്കര്‍ പറഞ്ഞു. രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരം തോറ്റതിനാല്‍ പരമ്പര നഷ്ടമാകാതിരിക്കാന്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.