മുംബൈ: ക്രിക്കറ്റ് കരിയറിലെ ഏറ്റവും മനോഹരമായ നിമിഷം തെരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 2008ല്‍ ദേശീയ ടീമിലേക്ക് കളിക്കാനായി തെരഞ്ഞെടുക്കപ്പെട്ടതാണ് 12 വര്‍ഷം നീണ്ട കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന് കോലി പറഞ്ഞു.

എന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അത്. വീട്ടില്‍ അമ്മയ്ക്കൊപ്പം ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു അറിവും ഇല്ലായിരുന്നു. എന്നാല്‍ പെട്ടെന്നാണ് എന്റെ പേര് ടിവിയില്‍ മിന്നിമറഞ്ഞത്. എന്തു ചെയ്യണമെന്ന് എനിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു. പെട്ടെന്ന് സമനില തെറ്റിയതുപോലെയായി പിന്നെ എന്റെ പെരുമാറ്റം.

നിക്കണോ, ഇരിക്കണോ, ചാടണോ, ഓടണോ എന്നൊന്നും അറിയാത്ത അവസ്ഥ. ആ നിമിഷത്തെക്കുറിച്ച് പലപ്പോഴും ഞാനാലോചിക്കാറുണ്ട്. ദേശീയ ടീമിനായി കളിക്കുമ്പോള്‍ ഓരോ പരമ്പരയിലും നമ്മുടെ നേട്ടങ്ങളെല്ലാം അംഗീകരിക്കപ്പെടുകയാണ്. എട്ടു വര്‍ഷം മുമ്പ് മാത്രം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ഒരു കളിക്കാരന് ദേശീയ ടീമിലേക്കുള്ള വിളി എത്തി എന്നത്, ആ വികാരം ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടില്ല.

എല്ലാറ്റിന്റെയും തുടക്കം എവിടെ നിന്നായിരുന്നു എന്നത് എല്ലായ്പ്പോഴും മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ തന്നെ സഹായിക്കാറുണ്ടെന്നും കോലി പറഞ്ഞു. 2008ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിന്റെ നായകനായതിന് പിന്നാലെയാണ് കോലിയെ ഇന്ത്യയുടെ സീനിയര്‍ ടീമിലെടുത്തത്.