മുംബൈ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ കാഴ്ചക്കാരാക്കി ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് അടിച്ചെടുത്തത് പുതിയ റെക്കോര്‍ഡ്. ഇന്ത്യക്കെതിരെ ഏത് വിക്കറ്റിലും ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡാണ് ഇരുവരും സ്വന്തമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 37.4 ഓവറില്‍ 258 റണ്‍സാണ ഇരുവരും അടിച്ചെടുത്തത്. വാര്‍ണര്‍ 112 പന്തില്‍ 128 റണ്‍സടിച്ചപ്പോള്‍ ഫിഞ്ച് 114 പന്തില്‍ 110 റണ്‍സടിച്ചു.

മത്സരം 10 വിക്കറ്റിനാണ് ഓസീസ് സ്വന്തമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 243 റണ്‍സടിച്ചപ്പോഴാണ് ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ഇരുവരുടെയും പേരിലായത്. മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തും ജോര്‍ജ് ബെയ്‌ലിയും ചേര്‍ന്ന് 242 റണ്‍സടിച്ചതായിരുന്നു ഇതിന് മുമ്പ് ഇന്ത്യക്കെതിരെ ഏതെങ്കിലും ടീമിന്റെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് കൂട്ടുകെട്ട്.

ഓപ്പണിംഗ് വിക്കറ്റില്‍ ഗാരി കിര്‍സ്റ്റണ്‍-ഹെര്‍ഷല്‍ ഗിബ്സ്(235), മൂന്നാം വിക്കറ്റില്‍ റിക്കി പോണ്ടിംഗ്-ഡാമിയന്‍ മാര്‍ട്ടിന്‍(234), ഓപ്പണിംഗ് വിക്കറ്റില്‍ ഫിഞ്ച്-വാര്‍ണര്‍(231) എന്നിങ്ങനെയാണ് മറ്റ് ഉയര്‍ന്ന കൂട്ടുകെട്ടുകള്‍. ഇന്ത്യക്കെതിരായ ഏറ്റവും ഉയര്‍ന്ന അഞ്ച് ബാറ്റിംഗ് കൂട്ടുകെട്ടില്‍ നാലും ഓസ്ട്രേലിയക്കാരുടെ പേരിലാണ്.