മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് വനിതകള്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി.

കേപ്ടൗണ്‍: ടി20 വനിതാ ലോകകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് സെമിയിലെ എതിരാളികള്‍. കേപ്ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. സെമിയാണെങ്കിലും ഇന്ത്യക്ക് ഫൈനലിന് തുല്യമാണ് ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം. ടീമിലെ ഓരോ താരവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഓസീസ് കരുത്തിനെ മറികടക്കാനാവൂ. 

മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് വനിതകള്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി. ഏറ്റവുമൊടുവില്‍ ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയും 4-1ന് ഓസീസ് സ്വന്തമാക്കി. സ്മൃതി മന്ദാനയും ഫെഷാലി വര്‍മയും നല്‍കുന്ന തുടക്കമാവും ഏറ്റവും നിര്‍ണായകമാവുക. 

ഹര്‍മന്‍പ്രീതും ജമെയ്മ റോഡ്രിഗസും അടക്കമുള്ള മധ്യനിരയുടെ സ്ഥിരതയില്ലായ്മ ആശങ്കയായി തുടരുന്നു. ഗ്രൂപ്പില്‍ എല്ലാ കളിയും ജയിച്ചാണ് ഓസീസ് സെമിക്കിറങ്ങുന്നത്. ഇന്ത്യയാവട്ടെ ഇംഗ്ലണ്ടിനോട് തോറ്റ് ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തായി. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ മത്സരം കാണാം. ഡിസ്നി ഹോട്സ്റ്റാറിലും ലൈവ് സ്ട്രീമിംഗ് ഉണ്ട്. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, ശിഖ പാണ്ഡെ, ദേവിക വൈദ്യ, രാജേശ്വരി ഗെയ്കവാദ്, രേണുക സിംഗ്.

ഓസ്‌ട്രേലിയ: ബേത് മൂണി, എല്ലിസ് പെറി, മെഗ് ലാന്നിംഗ്, അഷ്‌ലി ഗാര്‍നര്‍, തഹ്ലിയ മഗ്രാത്, ഗ്രേസ് ഹാരിസ്, ജോര്‍ജിയ വറേഹം, അന്നബെല്‍ സതര്‍ലന്‍ഡ്, അലാന കിംഗ, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍.

പ്രൈം വോളിബോള്‍ ആവേശം ഇനി കൊച്ചിയില്‍! ടിക്കറ്റ് നിരക്ക് അറിയാം, കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് നിര്‍ണായകം