Asianet News MalayalamAsianet News Malayalam

പ്രൈം വോളിബോള്‍ ആവേശം ഇനി കൊച്ചിയില്‍! ടിക്കറ്റ് നിരക്ക് അറിയാം, കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് നിര്‍ണായകം

മാര്‍ച്ച് രണ്ടിന് റൗണ്ട് റോബിന്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. മാര്‍ച്ച് 3,4 തീയതികളിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍. മാര്‍ച്ച് 5ന് കിരീടപ്പോരാട്ടം. കാണികള്‍ക്ക് പ്രവേശനം ടിക്കറ്റ്മൂലം. https://in.bookmyshow.com/ വഴി കൊച്ചിയിലെ ഓരോ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Rupay prime volleyball league 2023 kochi leg starts tomorrow saa
Author
First Published Feb 23, 2023, 9:24 AM IST

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആവേശം ഇനി കൊച്ചിയില്‍. ലീഗിന്റെ ഫൈനല്‍ ലെഗ് മത്സരങ്ങള്‍ നാളെ മുതല്‍ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (റീജ്യണല്‍ സ്പോര്‍ട്സ് സെന്റര്‍) നടക്കും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് മത്സരങ്ങള്‍. ഫെബ്രുവരി 26ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും. രാത്രി 9.30നായിരിക്കും രണ്ടാം മത്സരം. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിജയകരമായ മത്സരങ്ങള്‍ക്ക് ശേഷമാണ് പ്രൈം വോളിബോള്‍ ലീഗ് കൊച്ചിയിലേക്കെത്തുന്നത്. 

മാര്‍ച്ച് രണ്ടിന് റൗണ്ട് റോബിന്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. മാര്‍ച്ച് 3,4 തീയതികളിലാണ് സെമിഫൈനല്‍ മത്സരങ്ങള്‍. മാര്‍ച്ച് 5ന് കിരീടപ്പോരാട്ടം. കാണികള്‍ക്ക് പ്രവേശനം ടിക്കറ്റ്മൂലം. https://in.bookmyshow.com/ വഴി കൊച്ചിയിലെ ഓരോ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 250 രൂപയാണ് ടിക്കറ്റ് റേറ്റ്. പ്രൈം വോളിബോള്‍ ലീഗ് ഏറ്റവും ആവേശകരമായ അനുഭവമാണെന്ന് കൊച്ചി  ലെഗിന് മുന്നോടിയായി സംസാരിച്ച കാലിക്കറ്റ് ഹീറോസ് താരം ജെറോം വിനീത് പറഞ്ഞു. വരും കാലങ്ങളില്‍ ഏറ്റവും മികച്ച തലത്തിലേക്ക് ലീഗ് മാറുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരി 4ന് ബെംഗളൂരില്‍ തുടങ്ങിയ പിവിഎലിന്റെ ഹൈദരാബാദ് ലെഗ് കൂടി അവസാനിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാലു ജയവും ഒരു തോല്‍വിയുമായി 9 പോയിന്റുള്ള അഹമ്മദാബാദ് ഡിഫന്‍ഡേഴ്സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. അഞ്ചില്‍ നാലുകളി ജയിച്ച കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് ആണ് എട്ടു പോയിന്റുമായി രണ്ടാമത്. ഇത്രയും പോയിന്റുള്ള ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് മൂന്നാം സ്ഥാനത്തുണ്ട്. നാലു മത്സരം മാത്രം കളിച്ച കാലിക്കറ്റ് ഹീറോസാണ് ആറു പോയിന്റുമായി നാലാമത്. ബെംഗളൂരു ടോര്‍പ്പിഡോസ് (6), മുംബൈ മിറ്റിയോര്‍സ് (3), ചെന്നൈ ബ്ലിറ്റ്സ് (2), കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് (0) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പോയിന്റ് നില. 

ഇതുവരെ ഒരു മത്സരവും ജയിക്കാത്ത കൊച്ചിക്ക് സ്വന്തം തട്ടകത്തില്‍ അവശേഷിക്കുന്ന മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. റൗണ്ട് റോബിന്‍ ലീഗ് റൗണ്ടില്‍ എട്ടു മത്സരങ്ങള്‍ വീതമാണ് ഓരോ ടീമിനുമുള്ളത്. ബ്ലൂ സ്പൈക്കേഴ്സും, കാലിക്കറ്റ് ഹീറോസും കൊച്ചിയില്‍ മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. പോയിന്റ് ടേബിളിലെ ആദ്യ നാലുസ്ഥാനക്കാരാണ് സെമിഫൈനലില്‍ പ്രവേശിക്കുക. അഞ്ച് സെറ്റ് പൂര്‍ണമായും കളിക്കേണ്ട റുപേ പ്രൈം വോളിബോള്‍ ലീഗില്‍ മുഴുവന്‍ സെറ്റും നേടുന്ന ടീമിന് ഒരു പോയിന്റ് ബോണസായി ലഭിക്കും. ജയിക്കുന്ന ടീമിന് രണ്ടു പോയിന്റാണ് ലഭിക്കുക. 

20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ മിറ്റിയോര്‍സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് ടീമുകള്‍ക്ക് മാത്രമാണ് ഇതുവരെ ബോണസ് പോയിന്റ് നേടാനായത്. സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലൂടെ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ 31 മത്സരങ്ങള്‍ തത്സമയം കാണാം. വോളിബോള്‍ വേള്‍ഡ് ടിവിയാണ് ഇന്ത്യക്ക് പുറത്ത് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

സീസണിന് മുമ്പുതന്നെ അശുഭ വാര്‍ത്തകള്‍; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അടുത്ത തിരിച്ചടി

Latest Videos
Follow Us:
Download App:
  • android
  • ios