ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ രാജ്കോട്ടില്‍ നടക്കുമ്പോള്‍ മലയാളികള്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് നാളെ സഞ്ജുവിനെ ഇന്ത്യന്‍ ജേഴ്സിയില്‍ കാണാനാവുമോ എന്നതാമ്. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് വേണ്ടത്ര ക്ലിക്കാവതിനാല്‍ രണ്ടാം മത്സരത്തില്‍ സഞ്ജുവിന് സാധ്യത കൂട്ടുന്നുണ്ടെങ്കിലും മത്സരത്തലേന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ വിശ്വസിച്ചാല്‍ സ‍ഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. ബാറ്റിംഗില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നും ബൗളിംഗിലാണ് മാറ്റം പ്രതീക്ഷിക്കാവുന്നതെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശിഖര്‍ ധവാന്‍ തന്നെയാവും എത്തുക. ആദ്യ മത്സരത്തില്‍ ടോപ് സ്കോററായെങ്കിലും ധവാന്റെ മെല്ലെപ്പോക്കിനെതിരെ ഗവാസ്കര്‍ അടക്കമുള്ള മുന്‍താരങ്ങള്‍ രംഗത്തുവന്നിരുന്നു. കെ എല്‍ രാഹുലിനും കാര്യമായി തിളങ്ങാനായില്ലെങ്കിലും വണ്‍ ഡൗണായി കെ എല്‍ രാഹുല്‍ തന്നെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി ഋഷഭ് പന്തും എത്തുമ്പോള്‍ ആറാം നമ്പറില്‍ ക്രുനാല്‍ പാണ്ഡ്യക്ക് വീണ്ടും അവസരം ഒരുങ്ങിയേക്കും.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയ്ക്ക് വീണ്ടും അവസരം നല്‍കിയേക്കും. ബാറ്റിംഗില്‍ ആഴം കൂട്ടുക എന്ന ലക്ഷ്യം കൂടിയുള്ളതിനാല്‍ ഓള്‍ റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദറാവും എട്ടാമനായി ക്രീസിലെത്തുക. ഇടവേളക്കുശേഷം യുസ്‌വേന്ദ്ര ചാഹലിനും അന്തിമ ഇലവനില്‍ അവസരം ഒരുങ്ങിയേക്കും. പേസ് ബൗളിംഗിലാണ് പ്രതീക്ഷിക്കുന്ന ഏക മാറ്റം. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ഖലീല്‍ അഹമ്മദിന് പകരം ശര്‍ദ്ദുല്‍ ഠാക്കൂര്‍ പന്തെറിയാനെത്തും.