ഒരിക്കല്‍ക്കൂടി ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് നായകന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ബാറ്റുകളിലേക്ക്.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കമാണ് മത്സരം തുടങ്ങുക. അഞ്ച് ബാറ്റര്‍മാര്‍. മൂന്ന് ഓള്‍റൗണ്ടര്‍മാര്‍. ഒരു സ്പിന്നര്‍. രണ്ട് പേസര്‍മാര്‍. പരിക്കേറ്റ പുറത്തായ ജസ്പ്രീത് ബുമ്ര ഒഴികെ, കിട്ടാവുന്ന ഏറ്റവും മികച്ച താരങ്ങളുമായിട്ടാണ് ടീം ഇന്ത്യ എത്തിയിരിക്കുന്നത്. ഞായറാഴ്ച പാകിസ്ഥാനെ നേരിടും മുന്നേ ബംഗ്ലാദേശിനെ തോല്‍പിച്ച് ആത്മവിശ്വാസം കൂട്ടണം ഇന്ത്യക്ക്. 

എല്ലാവരും ഒരിക്കല്‍ക്കൂടി ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് നായകന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ബാറ്റുകളിലേക്ക്. ഓപ്പണര്‍ ശുഭമാന്‍ ഗില്ലിന്റെയും മധ്യനിരയില്‍ ശ്രേയസ് അയ്യരുടേയും ഫോം ഇന്ത്യക്ക് കരുത്താണ്. വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുലും ടീമില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഹാര്‍ദിക് പണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓള്‍റൗണ്ട് മികവുമായി എത്തുമ്പോള്‍ പുതിയ പന്തെറിയാന്‍ മുഹമ്മദ ഷമിയും അര്‍ഷ്ദീപ് സിംഗും. ബൗളിംഗ് കരുത്തുകൂട്ടാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും. 

ഗ്ലെന്‍ ഫിലിപ്‌സിന് പറക്കാന്‍ ചിറകുകള്‍ വേണ്ട! റിസ്വാനെ പുറത്താക്കാനെടുത്ത ക്യാച്ച് വൈറല്‍ -വീഡിയോ

ബംഗ്ലാദേശിനെതിരെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

സീനിയര്‍ താരങ്ങളായ ഷാകിബുള്‍ ഹസനും ലിറ്റണ്‍ ദാസും ഇല്ലാതെയാണ് നജ്മുല്‍ ഹൊസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ഇറങ്ങുന്നത്. ഇന്ത്യയുടെ മത്സരം നടക്കുന്ന ദുബായിലെ വിക്കറ്റുകളില്‍ ഇതുവരെ നടന്ന 58 മത്സരങ്ങളില്‍ 300 റണ്‍സിലേറെ പിറന്നത് നാലുകളിയില്‍ മാത്രം. സ്പിന്നര്‍മാരുടെ പ്രകടനം കളിയുടെ ഗതി നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.