നാലാം നമ്പറില്‍ ശ്രേയസ് അയ്യരായിരിക്കും ഇറങ്ങുക. അഞ്ചാമനായി മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കിയേക്കുമെന്നാണ് സൂചന.

ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടക്കമാവുമ്പോള്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണമാണ് പ്രധാന ചര്‍ച്ചാ വിഷയം. അന്തരീക്ഷ മലിനീകരണം കാരണം മത്സരം തടസപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്നാല്‍ മലയാളികള്‍ കാത്തിരിക്കുന്നത് സഞ്ജു സാംസണിന്റെ അരങ്ങേറ്റത്തിനാണ്. യുവതാരങ്ങള്‍ക്ക് മധ്യനിരയില്‍ കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്ജു നാളെ അന്തിമ ഇലവനില്‍ കളിക്കും. ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശിഖര്‍ ധവാന്‍ തന്നെയാവും എത്തുക. വണ്‍ ഡൗണായി വിരാട് കോലിയുടെ സ്ഥാനത്ത് വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന ഫോമിലായിരുന്ന കെ എല്‍ രാഹുല്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരായിരിക്കും ഇറങ്ങുക. അഞ്ചാമനായി മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കിയേക്കുമെന്നാണ് സൂചന.

അടുത്തവര്‍ഷത്തെ ടി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് സഞ്ജുവിനെപ്പോലുള്ള യുവാതരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ആറാം നമ്പറില്‍ ഋഷഭ് പന്ത് എത്തുമ്പോള്‍ ഏഴാമനായി ക്രുനാല്‍ പാണ്ഡ്യയാവും കളിക്കുക.

ബാറ്റിംഗില്‍ ആഴം കൂട്ടുക എന്ന ലക്ഷ്യം കൂടിയുള്ളതിനാല്‍ ഓള്‍ റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദറാവും എട്ടാമനായി ക്രീസിലെത്തുക. ഇടവേളക്കുശേഷം യുസ്‌വേന്ദ്ര ചാഹലിനും അന്തിമ ഇലവനില്‍ അവസരം ഒരുങ്ങിയേക്കും. പേസര്‍മാരായി ദീപക് ചാഹറും ഖലീല്‍ അഹമ്മദും അന്തിമ ഇലവനില്‍ കളിക്കാനാണ് സാധ്യത.