ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇന്നിംഗ്‌സ് ജയം നേടിയ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടത്തിലാണ് കോലി എത്തിയത് 

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 130 റണ്‍സിനും ജയിച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇന്നിംഗ്‌സ് ജയം നേടിയ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടത്തിലാണ് കിംഗ് കോലി എത്തിയത്. 

ഇന്‍ഡോറിലെ ജയത്തോടെ കോലിയുടെ പേരില്‍ 10 ഇന്നിംഗ്‌സ് വിജയങ്ങളായി. ഒന്‍പത് വിജയങ്ങള്‍ നേടിയ ഇതിഹാസ നായകന്‍ എം എസ് ധോണിയെ കോലി മറികടന്നു. എട്ട് ജയവുമായി മുഹമ്മദ് അസ്‌ഹറുദ്ദീനും ഏഴ് ജയങ്ങളുമായി സൗരവ് ഗാംഗുലിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

തുടര്‍ച്ചയായ മൂന്നാമത്തെ ഇന്നിംഗ്‌സ് ജയം കൂടിയാണ് കോലിപ്പട നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുണെയില്‍ ഇന്നിംഗ്‌സിനും 137 റണ്‍സിനും റാഞ്ചിയില്‍ ഇന്നിംഗ്‌സിനും 202 റണ്‍സിനും കോലിയും സംഘവും കഴിഞ്ഞ മത്സരങ്ങളില്‍ വിജയിച്ചിരുന്നു. 

ഇന്‍ഡോറില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകള്‍ 150 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 493/6 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്തു. ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ്(243 റണ്‍സ്) ഇന്ത്യക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ബംഗ്ലാ ബാറ്റ്സ്‌മാന്‍മാര്‍ 213 റണ്‍സില്‍ അടിയറവ് പറഞ്ഞു. മുഹമ്മദ് ഷമി നാലും ആര്‍ അശ്വിന്‍ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് നേടി.