ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും(0), ബെന്‍ ഡക്കറ്റിനെയും(4) മടക്കിയ അര്‍ഷ്ദീപ് സിംഗാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.
കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബട്‌ലര്‍ക്ക് പുറമെ 17 റണ്‍സെടുത്ത ഹാരി ബ്രൂക്കും 12 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തലയരിഞ്ഞ് അര്‍ഷ്ദീപ്
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും(0), ബെന്‍ ഡക്കറ്റിനെയും(4) മടക്കിയ അര്‍ഷ്ദീപ് സിംഗാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. പിന്നാലെ ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഒരറ്റത്ത് തകര്‍ത്തടിച്ചെങ്കിലും പിന്തുണക്കാന്‍ ആരുമില്ലാതെപോയി. പിടിച്ചു നില്‍ക്കുമെന്ന് കരുതിയ ഹാരി ബ്രൂക്കിനെ(17) വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ചയിലായി. ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സിലെത്തിയ ഇംഗ്ലണ്ട് പതിനാലാം ഓവറില്‍ 95-6ലേക്ക് കൂപ്പുകുത്തി.
ലിയാം ലിവിംഗ്‌സ്റ്റണെ(0) വരുണ്‍ പുറത്താക്കിയപ്പോള്‍ ജേക്കബ് ബേഥലിനെ(14 പന്തില്‍ 7) ഹാര്‍ദ്ദിക് പാണ്ഡ്യയും ജാമി ഓവര്‍ടണിനെയും(4 പന്തില്‍ 2) ഗുസ് അറ്റ്കിന്‍സണെയും(13 പന്തില്‍ 2) അക്സര്‍ മടക്കി. ജോഫ്ര ആർച്ചര്‍(10 പന്തില്‍ 12) ഇംഗ്ലണ്ടിനെ 100 കടത്തിയെങ്കിലും പിടിച്ചു നിന്ന ജോസ് ബട്‌ലറെ(44 പന്തില്‍ 68) കൂടി മടക്കിയ വരുണ്‍ ചക്രവര്‍ത്തി ഇംഗ്ലണ്ടിന്‍റെ അവസാന പ്രതീക്ഷയും തകര്‍ത്തു.
109-8ലേക്ക് വീണ ഇംഗ്ലണ്ടിനെ ആര്‍ച്ചറും ആദില്‍ റഷീദും(8) ചേര്‍ന്നാണ് 130ല്‍ എത്തിച്ചത്. ഇംഗ്ലണ്ടിന്‍റെ അവസാന ബാറ്ററായ മാര്‍ക്ക് വുഡിനെ ഇന്നിംഗ്സിലെ അവസാന പന്തില്‍ റണ്ണൗട്ടാക്കിയ സഞ്ജു സാംസണ്‍ ഒരു സ്റ്റംപിംഗും ഒരു ക്യാച്ചുമെടുത്ത് വിക്കറ്റിന് പിന്നില്‍ തിളങ്ങി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 23 റണ്‍സിന് മൂന്നും അക്സര്‍ പട്ടേല്‍ നാലോവറില്‍ 22 റണ്‍സിന് രണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 42 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.
