അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ തുടക്കം പാളി ടീം ഇന്ത്യ. സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയില്ലാതെ ഇറങ്ങിയ ഇന്ത്യ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 22-3 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. റിഷഭ് പന്തിനൊപ്പം (16*), ശ്രേയസ് അയ്യരാണ്(1*) ക്രീസില്‍. 

ആദ്യ ഓവറില്‍ ആദില്‍ റഷീദിനെ രാഹുലും ധവാനും കരുതലോടെ നേരിട്ടപ്പോള്‍ രണ്ട് റണ്ണേ പിറന്നുള്ളൂ. രണ്ടാം ഓവറിലാവട്ടെ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം പന്തില്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി നയം വ്യക്തമാക്കി. നാല് പന്തില്‍ ഒരു റണ്ണാണ് രാഹുലിന്‍റെ സമ്പാദ്യം. മൂന്നാം ഓവറിലാവട്ടെ റാഷിദിന് മുന്നില്‍ കിംഗ് കോലിയും കീഴടങ്ങി. അലക്ഷ്യഷോട്ട് കളിച്ച് ജോര്‍ദാന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അഞ്ച് പന്ത് കളിച്ച കോലി അക്കൗണ്ട് തുറന്നില്ല. 

തൊട്ടടുത്ത ഓവറില്‍ ആര്‍ച്ചറെ റിവേഴ്‌സ് സ്വീപ്പ് സിക്‌സറിലൂടെ ആക്രമിച്ച് തുടങ്ങിയ റിഷഭ് പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം ഓവറില്‍ പന്തെടുത്ത പേസര്‍ മാര്‍ക്ക് വുഡ് ശിഖര്‍ ധവാന്‍റെ കുറ്റി പിഴുതു. 12 പന്തില്‍ നാല് റണ്‍സ് മാത്രമാണ് നേട്ടം. പവര്‍പ്ലേയിലെ അവസാന ഓവര്‍ ക്രിസ് ജോര്‍ദാന്‍ എറിയാനെത്തിയപ്പോഴും കാര്യമായൊന്നും ഇന്ത്യക്ക് നേടാനായില്ല. 

മലയാളി അംപയര്‍ കെ എന്‍ അനന്തപദ്‌മനാഭനാണ് മത്സരം നിയന്ത്രിക്കുന്നത്. ഫീല്‍ഡ് അംപയറായി രാജ്യാന്തര ക്രിക്കറ്റില്‍ അനന്തപദ്‌മനാഭന്‍റെ അരങ്ങേറ്റ മത്സരമാണിത് എന്നതും സവിശേഷതയാണ്. 

ഇന്ത്യന്‍ ടീം 

കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍ 

ഇംഗ്ലണ്ട് ടീം

ജാസന്‍ റോയ്, ജോസ് ബട്ട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്റ്റോ, ഓയിന്‍ മോര്‍ഗന്‍(നായകന്‍, ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.