Asianet News MalayalamAsianet News Malayalam

ചെപ്പോക്ക് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്; അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ്

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് മുന്നില്‍ 420 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവെച്ചിരിക്കുന്നത്. 
 

India vs England 1st Test Chennai Day 4 Report
Author
Chennai, First Published Feb 8, 2021, 5:12 PM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് കയ്യിലിരിക്കേ അവസാനദിനം ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ് വേണം. ചെപ്പോക്കില്‍ 420 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇന്ത്യ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ 39/1 എന്ന നിലയിലാണ്. ശുഭ്‍മാന്‍ ഗില്ലും (15*), ചേതേശ്വർ പൂജാരയുമാണ് (12*) ക്രീസില്‍. 12 റണ്‍സെടുത്ത ഓപ്പണർ രോഹിത് ശർമ്മയെ ലീച്ച് ബൌള്‍ഡാക്കി. 

ആദ്യ ഇന്നിംഗ്സില്‍ 241 റണ്‍സിന്‍റെ  വമ്പന്‍ ലീഡുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് 178 റണ്‍സില്‍ നാലാംദിനം പുറത്തായി. 419 റണ്‍സിന്‍റെ ആകെ ലീഡാണ് ഇന്ത്യക്ക് മുന്നില്‍ ഇംഗ്ലണ്ട് പടുത്തുയർത്തിയത്. ഇന്ത്യക്കായി സ്‍പിന്നർ രവിചന്ദ്ര അശ്വിന്‍ 61 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‍ത്തി.   

അശ്വിന്‍ വീശിയടിച്ചു, പക്ഷേ!

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട അശ്വിന്‍ തന്നെയാണ് അവസാന വിക്കറ്റും വീഴ്‍ത്തിയത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ റോറി ബേണ്‍സിനെ (0) മടക്കി അശ്വിന്‍ തുടങ്ങി. പിന്നാലെ ഡൊമിനിക് സിബ്ലി (16), ബെന്‍ സ്റ്റോക്‌സ് (7) എന്നിവരും അശ്വിന്റെ തിരിപ്പിന് മുന്നില്‍ കീഴടങ്ങി. വാലറ്റത്ത് ഡൊമിനിക് ബെസ്സും(25), ജോഫ്ര ആർച്ചറും(5), ജയിംസ് ആന്‍ഡേഴ്‍സണും(0) കീഴടങ്ങിയതും അശ്വിന് മുന്നില്‍. 

ആക്രമിച്ച് കളിച്ച നായകന്‍ ജോ റൂട്ട് (32 പന്തില്‍ 40) ആണ് രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ജസ്പ്രീത് ബുമ്ര റൂട്ടിന്ർറെ നിർണായക വിക്കറ്റ് നേടി. ഡാനിയേല്‍ ലോറന്‍സിനെ 18ല്‍ നില്‍ക്കേ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇശാന്ത് ശർമ്മ മൂന്നൂറാം ടെസ്റ്റ് വിക്കറ്റ് തികച്ചത് ഇന്ത്യക്ക് ആശ്വസിക്കാം. ഓലി പോപ്(28), ജോസ് ബട്‍ലർ(24) എന്നിവരെ നദീം പുറത്താക്കി. എന്നാല്‍ രണ്ടാം ഇന്നിംഗ്സിലെ കൂട്ടത്തകർച്ചയിലും ഇംഗ്ലണ്ടിന് ആത്മവിശ്വാസമായി ആദ്യ ഇന്നിംഗ്സിലെ മികച്ച ലീഡ്.

പൂജാര, പന്ത്, സുന്ദര്‍; ഇന്ത്യക്ക് മൂന്ന് ഹീറോകള്‍

നേരത്തെ, ആദ്യ ഇന്നിംഗ്‍സില്‍ ഇംഗ്ലണ്ടിന്‍റെ 578 റണ്‍സിനെതിരെ ഇന്ത്യ 337ന് എല്ലാവരും പുറത്തായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമ്മയേയും ശുഭ്‍മാന്‍ ഗില്ലിനേയും പുറത്താക്കി ആർച്ചർ തുടക്കത്തിലേ ഭീഷണി സൃഷ്ടിച്ചു. രോഹിത് (6), ഗില്‍ (29) എന്നിങ്ങനെയായിരുന്നു സ്കോർ. പിന്നാലെ ചേതേശ്വർ പൂജാരയുടേയും (143 പന്തില്‍ 73), വാഷിംഗ്ടണ്‍ സുന്ദറിന്‍റേയും (138 പന്തില്‍ 85) മികവും റിഷഭ് പന്തിന്‍റെ വെടിക്കെട്ടും (88 പന്തില്‍ 91) ഇന്ത്യയെ കാത്തു. 

നായകന്‍ വിരാട് കോലി 11നും ഉപനായകന്‍ അജിങ്ക്യ രഹാനെ ഒന്നിനും പുറത്തായി. വാലറ്റത്ത് അശ്വിന്‍ 31 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ബെസ്സ് നാലും ആന്‍ഡേഴ്‍സണും ആർച്ചറും ലീച്ചും രണ്ട് വീതവും വിക്കറ്റ് നേടി. എന്നാല്‍ ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുക എന്ന തന്ത്രം ഇംഗ്ലണ്ട് പയറ്റി.  

വേരുറച്ച റൂട്ട്

നൂറാം ടെസ്റ്റ് കളിക്കുന്ന നായകന്‍ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ചുറിയുടെ (377 പന്തില്‍ 218) കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‍സില്‍ 578 എന്ന കൂറ്റന്‍ സ്കോർ പടുത്തുയർത്തിയത്. ഡൊമനിക് സിബ്ലി 87 ഉം ബെന്‍ സ്റ്റോക്സ് 82 ഉം ഓലി പോപും ഡൊമനിക് ബെസ്സും 34 വീതവും റോറി ബേണ്‍സ് 33 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ബുമ്രയും അശ്വിനും മൂന്ന് വീതവും നദീമും ഇശാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 

റാവല്‍പിണ്ടിയിലും ദക്ഷിണാഫ്രിക്ക നാണംകെട്ടു; ടെസ്റ്റ് പരമ്പര തൂത്തുവാരി പാകിസ്ഥാന്‍

Follow Us:
Download App:
  • android
  • ios