മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. 

പുനെ: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ അല്‍പസമയത്തിനകം ഇറങ്ങും. രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. 

നിര്‍ണായക മത്സരത്തില്‍ ഇരു ടീമിലും മാറ്റങ്ങളുണ്ട്. ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം റിഷഭ് പന്താണ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ റണ്‍വഴങ്ങിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് ഒരവസരം കൂടി നല്‍കി. നായകന്‍ ഓയിന്‍ മോര്‍ഗനില്ലാതെ ഇംഗ്ലണ്ടും കളിക്കുന്നു. മോര്‍ഗന്‍റെ അഭാവത്തില്‍ ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. മോര്‍ഗന് പകരം ഡേവിഡ് മലാനും സാം ബില്ലിംഗ്‌സിന് പകരം ലിവിംഗ്‌സ്റ്റണും മാര്‍ക് വുഡിന് പകരം ടോപ്ലിയും കളിക്കും. 

മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. ജയിച്ചാൽ ടെസ്റ്റ്, ട്വന്റി 20 പരമ്പരകൾക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളിയിൽ ഇംഗ്ലണ്ടിനെ 66 റൺസിന് തകർത്ത ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം ഒപ്പമെത്തി പ്രതീക്ഷ നിലനിർത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ. 

ഇംഗ്ലണ്ട് ടീം: ജേസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് മലാന്‍, ജോസ് ബട്ട്‌ലര്‍, ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍, ടോം കറന്‍, ആദില്‍ റഷീദ്, റീസ് ടോപ്ലി.