പരമ്പരയിൽ ഉടനീളം നന്നായി പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ മാൻ ഓഫ് ദ സീരീസ് പുരസ്‌കാരം അർഹിച്ചിരുന്നുവെന്നും കോലി. 

പുനെ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ നാല് വിക്കറ്റും 30 റൺസും നേടിയ ഷാർദുൽ താക്കൂറിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. പരമ്പരയിൽ ഉടനീളം നന്നായി പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ മാൻ ഓഫ് ദ സീരീസ് പുരസ്‌കാരം അർഹിച്ചിരുന്നുവെന്നും കോലി മത്സര ശേഷം പറഞ്ഞു.

പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന് വിജയിച്ചപ്പോള്‍ ഇംഗ്ലണ്ടിന്‍റെ സാം കറനായിരുന്നു മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നല്‍കിയത്. എട്ടാമനായി ക്രീസിലെത്തി 83 പന്തില്‍ പുറത്താകാതെ 95 റണ്‍സെടുത്ത കറന്‍റെ പോരാട്ടം ക്രിക്കറ്റ് ലോകം വാഴ്‌ത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിരയില്‍ പന്തും ബാറ്റും കൊണ്ട് നിര്‍ണായകമായി ഷാര്‍ദുല്‍ താക്കൂറിന്‍റെ പ്രകടനം.

തലങ്ങും വിലങ്ങും സിക്സറുകള്‍; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിൽ പിറന്നത് പുതിയ റെക്കോര്‍ഡ്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 329 റണ്‍സ് നേടിയപ്പോള്‍ ടീമിനെ മുന്നൂറ് കടത്തിയത് ക്രുനാലിനൊപ്പം ഏഴാം വിക്കറ്റില്‍ താക്കൂറിന്‍റെ പ്രകടനമായിരുന്നു. ഇരുവരും 45 റണ്‍സ് ചേര്‍ത്തു. 21 പന്ത് നേരിട്ട താക്കൂര്‍ മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 30 റണ്‍സെടുത്താണ് മടങ്ങിയത്. 

മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ഷാര്‍ദുല്‍ താക്കൂറാണ്. താക്കൂര്‍ 10 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ 67 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമായി. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് മലാന്‍(50), നായകന്‍ ജോസ് ബട്ട്‌ലര്‍(15), ലയാം ലിവിംഗ്‌സ്റ്റണ്‍(36), ആദില്‍ റഷീദ്(19) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താക്കൂര്‍ പേരിലാക്കിയത്. 

ഇംഗ്ലീഷ് വധം സമ്പൂര്‍ണം; കറന്‍റെ പോരാട്ടം അതിജീവിച്ച് ഇന്ത്യ, ഏകദിന പരമ്പരയും സ്വന്തം

കൂടുതല്‍ റണ്‍സ് നേടിയ ഇംഗ്ലണ്ടിന്‍റെ ജോണി ബെയര്‍സ്റ്റോയെയാണ് ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസ് ആയി തെരഞ്ഞെടുത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 219 റണ്‍സ് താരം സ്വന്തമാക്കി. 177 റണ്‍സുമായി കെ എല്‍ രാഹുലായിരുന്നു രണ്ടാമത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ രണ്ടാമത്തെ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍(6). ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ഷാര്‍ദുല്‍ മാത്രമാണ് ഭുവിക്ക് മുന്നില്‍. 

സച്ചിന്‍റെയും ഗാംഗുലിയുടേയും വഴിയേ; നാഴികക്കല്ല് പിന്നിട്ട് രോഹിത്തും ധവാനും