ആദ്യ രണ്ട് മത്സരങ്ങളിലും വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ കഴിയാതിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും മലയാളി ഓപ്പണര്‍ സഞ്ജു സാംസണും നാളത്തെ മത്സരം നിര്‍ണായകമാണ്.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് അഞ്ച് മത്സര പരമ്പര ആധികാരികമായി സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് നാളെ രാജ്കോട്ടിലിറങ്ങുക. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരികമായാണ് ജയിച്ചതെങ്കില്‍ ചെന്നൈയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്.

ഈ സാഹചര്യത്തില്‍ പരമ്പര കൈവിടാതിരിക്കാന്‍ രണ്ടും കല്‍പിച്ചാവും ഇംഗ്ലണ്ട് നാളെ ഇറങ്ങുക. രാജ്കോട്ടില്‍ നടന്ന അഞ്ച് കളികളില്‍ മൂന്ന് തവണ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോള്‍ രണ്ട് തവണ ചേസ് ചെയ്ത ടീം ജയിച്ചതാണ് ചരിത്രം. അതുകൊണ്ട് തന്നെ നാളെ ടോസ് നിര്‍ണായകനമാകില്ലെന്നാണ് കരുതുന്നത്. 2023ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ നേടിയ 228 റണ്‍സാണ് രാജ്കോട്ടിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍.

രഞ്ജി ട്രോഫി: ക്വാര്‍ട്ടറിലെത്താന്‍ കേരളത്തിന് എളുപ്പവഴി, കർണാടകയ്ക്ക് കടുപ്പം; സ്ഥാനമുറപ്പിച്ച് ഹരിയാന

ഏറ്റവും കുറഞ്ഞ ടീം ടോട്ടലാകട്ടെ ഇന്ത്യക്കെതിരെ 2022ല്‍ ദക്ഷിണാഫ്രിക്ക നേടിയ 87 റണ്‍സും. 2013ല്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 202 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് രാജ്കോട്ടിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്. രാജ്കോട്ടില്‍ ഏറ്റവും ചെറിയ സ്കോര്‍ പ്രതിരോധിച്ചതും ഇന്ത്യയാണ്. 2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 169 റൺസ് പ്രതിരോധിച്ച ഇന്ത്യ ജയിച്ചിരുന്നു.

സഞ്ജുവിനും സൂര്യക്കും നിർണായകം

ആദ്യ രണ്ട് മത്സരങ്ങളിലും വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ കഴിയാതിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും മലയാളി ഓപ്പണര്‍ സഞ്ജു സാംസണും നാളത്തെ മത്സരം നിര്‍ണായകമാണ്. ഇംഗ്ലണ്ടിന്‍റെ എക്സ്പ്രസ് പേസിനുമുന്നില്‍ പതറുന്നുവെന്ന ആരോപണത്തിനും സഞ്ജുവിന് നാളെ മറുപടി നല്‍കിയെ മതിയാവു. വീണ്ടും പരാജയപ്പെട്ടാല്‍ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കാത്തിരുന്ന തീരുമാനത്തെ ന്യായീകരിക്കുന്നതിന് തുല്യമാകും അത്. അതുകൊണ്ടു തന്നെ രാജ്കോട്ടില്‍ മികച്ച പ്രകടനം നടത്തേണ്ടത് സഞ്ജുവിന് അനിവാര്യമാണ്.

സ്വയം കുഴിച്ച സ്പിന്‍ കുഴിയില്‍ വീണ് പാകിസ്ഥാന്‍, മുള്‍ട്ടാൻ ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വി

സഞ്ജുവിന് പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് ഫോമും ഇന്ത്യക്ക് ആശങ്കയാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന സൂര്യക്ക് സയ്യിദ് മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും മികവ് കാട്ടാനായിരുന്നില്ല. കരിയറില്‍ ആദ്യമായി ബാറ്റിംഗ് ശരാശരി 40ല്‍ താഴെ എത്തുകയും ചെയ്തു. അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളര്‍മാരില്‍ മുഹമ്മദ് ഷമി നാളെ കളിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക