നാലാം മത്സരത്തിനിറങ്ങുമ്പോള്‍ പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കുമൂലം പരമ്പരയില്‍ നിന്ന് തന്നെ പുറത്തായപ്പോള്‍ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ആകാശ് ദീപിന് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ല.

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. എന്നാല്‍ ലോര്‍ഡ്സില്‍ നടന്ന മൂന്നാം മത്സരത്തില്‍ 22 റണ്‍സിന്‍റെ നേരിയ ജയവുമായി ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലെത്തി. വിജയത്തിനരികെ ലോര്‍ഡ്സില്‍ വിജയം കൈവിട്ട ഇന്ത്യക്ക് മാഞ്ചസ്റ്ററില്‍ വീണ്ടുമൊരു തോല്‍വിയെക്കുറിച്ച് കൂടി ചിന്തിക്കാനാവില്ല. മാഞ്ചസ്റ്ററിലും തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടും.

നാലാം മത്സരത്തിനിറങ്ങുമ്പോള്‍ പരിക്കാണ് ഇന്ത്യയെ അലട്ടുന്നത്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കുമൂലം പരമ്പരയില്‍ നിന്ന് തന്നെ പുറത്തായപ്പോള്‍ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ആകാശ് ദീപിന് നാലാം ടെസ്റ്റില്‍ കളിക്കാനാകില്ല. പരിശീലനത്തിനിടെ പരിക്കേറ്റ മറ്റൊരു പേസറായ അര്‍ഷ്ദീപ് സിംഗും നാലാം ടെസ്റ്റില്‍ കളിക്കില്ല. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നാലാം ടെസ്റ്റില്‍ ബാറ്ററായി മാത്രം ക്രീസിലെത്തിയാല്‍ വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലാകും ഇന്ത്യൻ നിരയിലുണ്ടാകുക.

ആകാശ് ദീപും അര്‍ഷ്ദീപ് സിംഗും പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ജസ്പ്രീത് ബുമ്ര ഇന്ന് ഇന്ത്യക്കായി കളിക്കുമെന്നുറപ്പായി. ബുമ്രക്ക് പുറമെ യുവ പേസര്‍ അന്‍ഷുല്‍ കാംബോംജിനും ടെസ്റ്റ് അരങ്ങേറ്റത്തിന് ഇന്ന് അവസരമൊരുങ്ങും. ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ നിരാശപ്പെടുത്തിയ സാഹചര്യത്തിലാണ് അന്‍ഷുലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുക. പ്രസിദ്ധിന്‍റെ സാധ്യതകള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഇന്നലെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16.20 ബാറ്റിംഗ് ശരാശരിയുളള കാംബോജിന്‍റെ ബാറ്റിംഗ് മികവും യുവതാരത്തിന് അനുകൂലമാകുമെനന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ലോര്‍ഡ്സിലെ രണ്ടാം ഇന്നിംഗ്സിലൊഴികെ ആദ്യ മൂന്ന് ടെസ്റ്റിലും ഇന്ത്യൻ വാലറ്റം ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങിയ സാഹചര്യത്തില്‍.

മൂന്നാം നമ്പറില്‍ കരുണ്‍ നായര്‍ക്ക് പകരം ഇന്ത്യ ഇന്ന് സായ് സുദര്‍ശന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. ഇന്നലെ സായ് സുദര്‍ശന്‍ നെറ്റ്സില്‍ ദീര്‍ഘനേരം പരിശീലനം നടത്തിയത് ഇതിന്‍റെ സൂചനയാണ്. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച തുടക്കം ലഭിച്ചെങ്കിലും അതൊന്നും വലിയ സ്കോറാക്കി മാറ്റാന്‍ കരുണ്‍ നായര്‍ക്ക് കഴിഞ്ഞിരുന്നില്ല. സ്പിന്നര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറിനെയും രവീന്ദ്ര ജഡേജയെയും നിലനിര്‍ത്തുമോ എന്നതും വലിയ ചോദ്യമാണ്. മാഞ്ചസ്റ്ററിലെ സാഹചര്യം കണക്കിലെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറിന് നാലാം പേസറായി അവസരം നല്‍കിയാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകും.

നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, കരുൺ നായർ/സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ/ഷാർദുൽ താക്കൂർ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക