Asianet News Malayalam

സ്പിന്‍ പിച്ചിനെ വിമര്‍ശിച്ച യുവരാജിന്‍റെ ട്വീറ്റിന് നല്‍കിയ മറുപടി; വിശദീകരണവുമായി അശ്വിന്‍

ഭൂരിപക്ഷാഭിപ്രായത്തിന്  എതിരാണെങ്കിലും എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത് അവനവന്‍റെ അഭിപ്രായമായിരിക്കണമെന്നും മറ്റൊരും നമുക്ക് വിറ്റതായിരിക്കരുതെന്നും തെരഞ്ഞെടുപ്പ് നമ്മുടേതാണെന്നും അശ്വിന്‍ ട്വിറ്ററിലൂടെ ഇതിന് മറുപടി നല്‍കി

India vs England Did not find Yuvraj Singh's tweet wrong says R Ashwin
Author
Ahmedabad, First Published Feb 27, 2021, 6:33 PM IST
  • Facebook
  • Twitter
  • Whatsapp

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സ്പിന്‍ പിച്ചിനെ വിമര്‍ശിച്ച മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്‍റെ ട്വീറ്റിനോട് പ്രതികരിച്ച് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. മൊട്ടേരയിലെ പിച്ചിനെ വിമര്‍ശിച്ച യുവരാജിന്‍റെ ട്വീറ്റില്‍ തെറ്റൊന്നുമില്ലെന്ന് അശ്വിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുവരാജിന്‍റെ ട്വീറ്റിന് ട്വിറ്ററിലൂടെ നേരത്തെ അശ്വിന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുന്ന ടെസ്റ്റുകള്‍ ടെസ്റ്റ് മത്സരത്തിന് നല്ലതാണോ എന്ന് ചോദിച്ച യുവി ഇത്തരം പിച്ചുകളില്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം ആയിരമോ എണ്ണൂറോ വിക്കറ്റുകള്‍ നേടുമായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഭൂരിപക്ഷാഭിപ്രായത്തിന്  എതിരാണെങ്കിലും എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത് അവനവന്‍റെ അഭിപ്രായമായിരിക്കണമെന്നും മറ്റൊരും നമുക്ക് വിറ്റതായിരിക്കരുതെന്നും തെരഞ്ഞെടുപ്പ് നമ്മുടേതാണെന്നും അശ്വിന്‍ ട്വിറ്ററിലൂടെ ഇതിന് മറുപടി നല്‍കിയത് ഇരുതാരങ്ങള്‍ക്കുമിടയിലെ ഭിന്നതയാണെന്ന് വ്യാഖ്യാനിക്കാന്‍ കാരണമാകുകയും ചെയ്തു.

എന്നാല്‍ യുവിയെ ദീര്‍ഘകാലമായി അറിയാവുന്ന ആളാണ് താനെന്നും അദ്ദേഹത്തോട് എക്കാലവും ബഹുമാനമെയുള്ളൂവെന്നും അശ്വിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ക്കിടയിലെ ചിലര്‍ ഞങ്ങള്‍ പറഞ്ഞതില്‍ നിന്ന് ആളുകള്‍ക്ക് ആവശ്യമുള്ളത് വില്‍ക്കാനുള്ള ശ്രമത്തിലാണ്. ചില ആളുകള്‍ ചില കാര്യങ്ങള്‍ മാത്രം വില്‍ക്കാന്‍ നോക്കുന്നത് എന്തിനാണെന്ന് അറിയല്ലെന്നും അശ്വിന്‍ പറഞ്ഞു.

എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതിലേതാണ് ശരിയെന്നോ തെറ്റെന്നോ പറയാന്‍ ഞാനാളല്ല. എന്നാല്‍ മൊട്ടേരയില്‍ പിച്ചിനെച്ചൊല്ലിയുള്ള ചര്‍ച്ച കൈവിട്ടു പോകുകയാണെന്നതാണ് വസ്തുത. എന്തിനാണ് എല്ലായ്പ്പോഴും പിച്ചിനെക്കുറിച്ച് പറയുന്നത്. വിദേശത്ത് കളിക്കുമ്പോള്‍ ആരെങ്കിലും പിച്ചിനെക്കുറിച്ച് ഇത്രയധികം ചര്‍ച്ച ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. ആരെങ്കിലും പിച്ചിനെക്കുറിച്ച് തമാശ പറഞ്ഞാല്‍ പോലും അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും. ന്യൂസിലന്‍ഡില്‍ കളിച്ചപ്പോള്‍ രണ്ട് ടെസ്റ്റും അഞ്ച് ദിവസത്തിനുള്ളില്‍ തീര്‍ന്നിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ പോയപ്പോള്‍ അവിടുത്തെ പിച്ചിനെക്കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്ന് വിരാട് കോലി പറയുന്ന വീഡിയോ ഇന്‍റര്‍നെറ്റിലുണ്ട്. ഞങ്ങളങ്ങനെയാണ് കളിക്കുന്നത്. ഓരോരുത്തരും അവര്‍ക്ക് ആവശ്യമുള്ളത് പറയട്ടെ, അത് വാങ്ങണോ വായിക്കണോ എന്നതൊക്കെ നമ്മുടെ തെരഞ്ഞെടുപ്പാണ്-അശ്വിന്‍ പറഞ്ഞു. ആരാണ് നല്ല പിച്ച് എതാണെന്ന് നിര്‍വചിക്കുന്നത്. ആദ്യ ദിവസം സീം ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കണം, പിന്നീട് രണ്ട് ദിവസം ബാറ്റിംഗിന് അലുകൂലമാകണം, അത് കഴിഞ്ഞ് സ്പിന്‍ ചെയ്യണമെന്നൊക്കെ ആരാണ് നിര്‍ണയിക്കുന്നത്. ഇംഗ്ലണ്ട് താരങ്ങളാരും മൊട്ടേരയിലെ പിച്ചിനെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.

Follow Us:
Download App:
  • android
  • ios