കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ചൊല്ലിയുണ്ടായ വിവാദത്തിന് മറുപടി നല്‍കാന്‍ ഒരു മിന്നും ജയം ടീം ഇന്ത്യയ്ക്ക് അനിവാര്യമാണ്.

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20ക്ക് ടീം ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7.00നാണ് മത്സരം. നാലില്‍ മൂന്നും ജയിച്ച് പരമ്പര നേടിയെങ്കിലും പ്രശ്‌നങ്ങളുണ്ട് യംഗ് ടീം ഇന്ത്യക്ക്. ബാറ്റിങ്ങില്‍ സഞ്ജു സാംസണിന്റെ മോശം പ്രകടനമാണ് പ്രധാന പ്രശ്‌നം. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന സൂര്യകുമാര്‍ യാദവ് ഐപിഎല്ലിലെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ കസറുമെന്നാണ് ആരാധക പ്രതീക്ഷ.

കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ചൊല്ലിയുണ്ടായ വിവാദത്തിന് മറുപടി നല്‍കാന്‍ ഒരു മിന്നും ജയം ടീം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ബോളിംഗില്‍ കാര്യമായ പ്രശ്‌നങ്ങളില്ല ടീമിന്. ആര്‍ഷ്ദീപ് സിങ്ങിന് പകരം മുഹമ്മദ് ഷമി ഇന്ന് പ്ലയിങ് ഇലവനിലെത്തിയേക്കും. പരിക്ക് മാറിയെത്തിയ ഷമിക്ക് ചാംപ്യന്‍സ് ട്രോഫിക്ക് മുന്‍പ് കൂടുതല്‍ അവസരം നല്‍കാനാവും ടീമിന്റെ ശ്രമം. അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ ടീമില്‍ തുടര്‍ന്നാലും അല്‍ഭുതപ്പെടാനില്ല. ഇംഗ്ലണ്ടാനാകട്ടെ ഒരു വെടിക്കെട്ട് പ്രകടനം നടത്താനായിട്ടില്ല ഇതുവരെ.

സഞ്ജുവിന്റെ ആരാധകരെ ഇളക്കിവിടാന്‍ ഞാനില്ല! നാലാം ടി20യില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ പരിഹസിച്ച് മുന്‍താരം

ബാറ്റര്‍മാരുടെ മോശം ഷോട്ട് സെലക്ഷനും സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയാത്തതുമാണ് പ്രധാന പ്രശ്‌നം. നായകന്‍ ജോസ് ബല്ടറിനൊഴികെ മറ്റാര്‍ക്കും സ്പിന്നര്‍മാരെ കൃത്യമായി നേരിടാനാവത്തതും തിരിച്ചടിയാണ്. പരിശീലകന്‍ മക്കല്ലത്തിന്റെ ബാസ്‌ബോള്‍ തന്ത്രത്തിന് ബാക്കപ്പ് പ്ലാനില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നത്. സ്പിന്നിനെ കൃത്യമായി നേരിടാന്‍ ജോ റൂട്ടിനെ പോലെ പരിചയ സമ്പത്തുള്ള താരങ്ങളും ടീമില്‍ വേണമെന്ന് വിദഗ്ധ പക്ഷം.ട്വന്റി 20 ടീമില്‍ ഇടം നേടാനാവാതിരുന്ന റൂട്ടാകാട്ടെ ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍ത്തുകളിക്കുകയാണ്. 8 മത്സരങ്ങളില്‍ നിന്ന് 279 റണ്‍സാണ് താരം നേടിയത്. പരമ്പര തോല്‍വി റൂട്ടിന് ടീമിലേക്കുള്ള വഴി ക്ലിയര്‍ ആക്കിയേക്കും.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ / രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ് / ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് / മുഹമ്മദ് ഷമി.