Asianet News MalayalamAsianet News Malayalam

രാഹുല്‍, ജഡേജ, ബുമ്ര പൊരുതി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട ലീഡ്; റോബിന്‍സണ് അഞ്ച് വിക്കറ്റ്

ലഞ്ചിനുശേഷം നിലയുറപ്പിച്ച കെ എല്‍ രാഹുലിനെ മടക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ വീണ്ടും ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. 84 റണ്‍സെടുത്ത രാഹുലില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് പിടികൊടുത്ത് മടങ്ങി. പിന്നാലെയെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും ആന്‍ഡേഴ്സണ്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 205 റണ്‍സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.

India vs England: India take 95 runs lead against England
Author
London, First Published Aug 6, 2021, 8:29 PM IST

നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 95 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. 125-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 278 റണ്‍സിലവസാനിച്ചു. 84 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രവീന്ദ്ര ജഡേജ 56 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സണ്‍ അ‍ഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ നാലു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം മഴയും വെളിച്ചക്കുറവും മൂലം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെടുത്തിട്ടുണ്ട്.11 റണ്‍സോടെ റോറി ബേണ്‍സും ഒമ്പത് റണ്ണുമായി ഡൊമനിക് സിബ്ലിയും ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാള്‍ 70 റണ്‍സ് പുറകിലാണ് ഇംഗ്ലണ്ട്.

തുടക്കത്തിലെ പന്ത് മടങ്ങി

മഴ വീണ്ടും വില്ലനായ രണ്ടാം ദിനം കളി തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോഴാകട്ടെ ഇന്ത്യക്ക് റിഷഭ് പന്തിനെ നഷ്ടമാവുകയും ചെയ്തു. ടീം സ്കോര്‍ 145ല്‍ നില്‍ക്കെയാണ് ഒല്ലി റോബിന്‍സന്‍റെ പന്തില്‍ ജോണി ബെയര്‍സ്റ്റോക്ക് പിടികൊടുത്ത് റിഷഭ് പന്ത് മടങ്ങിയത്. 20 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ പന്ത് 25 റണ്‍സെടുത്തു.

പിടിച്ചു നിന്ന് രാഹുലും ജഡേജയും

പന്ത് മടങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോന് ഒപ്പമെത്താന്‍ ഇന്ത്യക്ക് 38 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ രാഹുലിന് മികച്ച പങ്കാളിയായ ജഡേജ ക്രീസില്‍ നിന്നതോടെ ഇന്ത്യ പതുക്കെ കരകയറി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കുകയും ചെയ്തു. ലഞ്ചിന് പിരിയുമ്പോള്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 191-5ലെത്തിച്ചു.

വീണ്ടും ആന്‍ഡേഴ്സന്‍റെ ഇരട്ട പ്രഹരം

ലഞ്ചിനുശേഷം നിലയുറപ്പിച്ച കെ എല്‍ രാഹുലിനെ മടക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ വീണ്ടും ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. 84 റണ്‍സെടുത്ത രാഹുലില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് പിടികൊടുത്ത് മടങ്ങി. പിന്നാലെയെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും ആന്‍ഡേഴ്സണ്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 205 റണ്‍സിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു.

വാലറ്റത്തെകൂട്ടുപിടിച്ച് ജഡേജയുടെ പോരാട്ടം

വാലറ്റത്ത് മുഹമ്മദ് ഷമിയെ കൂട്ടുപിടിച്ച് വമ്പനടികളുമായി ജഡേജ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി.അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ജഡേജയെ(56) റോബിന്‍സണ്‍ മടക്കിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 232 റണ്‍സ് മാത്രമായിരുന്നു.

വാലില്‍കുത്തി ഇന്ത്യന്‍ ഉയിര്‍പ്പ്

ആദ്യം മുഹമ്മദ് ഷമിയും(13) പിന്നീട് ജസ്പ്രീത് ബുമ്രയും(28), മുഹമ്മദ് സിറാജും(7 നോട്ടൗട്ട്) നടത്തിയ അപ്രതീക്ഷിത ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് 95 റണ്‍സിന്‍റെ ലീഡ് സമ്മാനിച്ചു. ജഡേജ പുറത്തായശേഷം മൂന്നുപേരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോറിലേക്ക് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

 

Follow Us:
Download App:
  • android
  • ios