ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിന് നാളെയാണ് തുടക്കമാകുന്നത്. പരമ്പരയില്‍ ഒപ്പമെത്താനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനും ടീം ഇന്ത്യക്ക് ജയം അനിവാര്യം. ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പരാജയത്തിന് പഴികേട്ട രോഹിത് ശര്‍മ്മയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍. രോഹിത്തിനെ തനത് ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നു മുന്‍താരം ക‍ൃഷ്‌ണമാചാരി ശ്രീകാന്ത്. 

'രോഹിത് ഒരു ക്ലാസ് താരമാണ്. രോഹിത് ശൈലിയില്‍ മാറ്റം വരുത്തേണ്ടതില്ല, തനത് ശൈലിയില്‍ കളിക്കട്ടെ. പരിചയസമ്പന്നനായ താരത്തിന് തന്‍റെ ജോലി നന്നായി അറിയാം. തന്‍റെ ഇന്നിംഗ്‌സിന്‍റെ വേഗം എങ്ങനെ കൂട്ടണമെന്നും അയാള്‍ക്കറിയാം. രോഹിത് ക്രീസില്‍ സെറ്റായിക്കഴിഞ്ഞാല്‍ നയനമനോഹര ബാറ്റിംഗ് കാഴ്‌ചവെക്കാന്‍ കഴിയും' എന്നും ശ്രീകാന്ത് ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. 

രോഹിത്തിനെ പിന്തുണച്ച് അന്‍ഷുമാന്‍ ഗെയ്‌ക്‌വാദും

ശ്രീകാന്തിന് പുറമെ ഇന്ത്യന്‍ മുന്‍താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദും രോഹിത്തിന്‍റെ ക്ലാസിനെ പിന്തുണച്ചു. എന്നാല്‍ നിലവിലെ തന്‍റെ പോരായ്‌മകള്‍ തിരിച്ചറിഞ്ഞ് പ്രകടനം മെച്ചപ്പെടുത്താന്‍ മുപ്പത്തിമൂന്നുകാരനായ താരത്തോട് അദേഹം നിര്‍ദേശിച്ചു. 

'രോഹിത് ക്ലാസാണ്. താളം കണ്ടെത്തിക്കഴിഞ്ഞാല്‍ ഫോര്‍മാറ്റൊന്നും അയാള്‍ക്കൊരു പ്രശ്നമേയല്ല. ഫീല്‍ഡൊരുക്കുക ഏതൊരു ക്യാപ്റ്റനും തലവേദനയാവും. ശരീരത്തോട് ചേര്‍ന്ന് ബാറ്റ് വീശുക മാത്രമാണ് ഇംഗ്ലണ്ടിനെതിരെ അദേഹം ചെയ്യേണ്ടത്. ശരീരത്തില്‍ നിന്നകന്ന് ബാറ്റ് വീശുമ്പോഴാണ് പുറത്താകുന്നത്. രണ്ടാം ടെസ്റ്റില്‍ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷ' എന്നും അന്‍ഷുമാന്‍ കൂട്ടിച്ചേര്‍ത്തു. 

ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 227 റണ്‍സിന്‍റെ തോല്‍വി രുചിച്ചപ്പോള്‍ രോഹിത് ശര്‍മ്മ രണ്ടിന്നിംഗ്‌സിലും ബാറ്റിംഗ് പരാജയമായിരുന്നു. രോഹിത് 6, 12 റണ്‍സ് മാത്രമാണ് നേടിയത്. അവസാന ആറ് ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ 24.5 ശരാശരിയേ രോഹിത്തിനുള്ളൂ. രോഹിത് ഉത്തരവാദിത്തം കാട്ടുന്നില്ല എന്ന വിമര്‍ശനം ഉയര്‍ത്തി ഇതോടെ ആരാധകരില്‍ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. 

രണ്ടാം ടെസ്റ്റില്‍ ജയിച്ചേ തീരൂ

ടീം ഇന്ത്യക്ക് നാളെ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചേ മതിയാകൂ. പരമ്പരയില്‍ 0-1ന് പിന്നിലാണ് എന്നത് മാത്രമല്ല, ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്‍റെ എതിരാളിയായി ഇടംപിടിക്കണമെങ്കിലും ജയം അനിവാര്യം. ഇനിയൊരു തോല്‍വി കോലിപ്പടയുടെ വഴികളടയ്‌ക്കും. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് എങ്കിലും ജയിച്ചാലേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ കഴിയൂ. 

'എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാം'; താരലേലത്തില്‍ നിന്ന് പുറത്തായതില്‍ നിരാശയില്ലെന്ന് ശ്രീശാന്ത്