പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മക്കും ശ്രേയസ് അയ്യര്‍ക്കും പരിക്ക്. ബാറ്റിംഗിനിടെ മാര്‍ക്ക് വുഡിന്‍റെ പന്ത് കൈമുട്ടില്‍ കൊണ്ട് പരിക്കേറ്റ രോഹിത് ഇംഗ്ലണ്ട് ഇന്നിംഗ്സിനിടെ ഫീല്‍ഡിംഗിനിറങ്ങിയല്ല.

ഇംഗ്ലണ്ട് ഇന്നിംഗ്സിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. മത്സരത്തിന്‍റെ എട്ടാം ഓവറില്‍ ബൗണ്ടറി തടയാനായി ഡൈവ് ചെയ്ത ശ്രേയസിന്‍റെ തോളിനാണ് പരിക്കേറ്റത്. ഉടന്‍ ഗ്രൗണ്ട് വിട്ട ശ്രേയസിനെ സ്കാനിംഗിന് വിധേയമാക്കും. ഇതിനുശേഷമെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമാവു.

ബാറ്റിംഗിനിടെ വലതു കൈമുട്ടില്‍ പന്ത് കൊണ്ട് പരിക്കേറ്റ രോഹിത്തിന് വേദന അനുഭവപ്പെട്ടതിനാലാണ് ഫീല്‍ഡിംഗിന് ഇറങ്ങാതിരുന്നതെന്ന് ബിസിസിഐ പ്രതിനിധ വ്യക്തമാക്കി.

അതിനിടെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പരിക്കേറ്റ കൈയുമായി ബാറ്റിംഗിന് ഇറങ്ങി. ഫീല്‍ഡിംഗിനിടെ പന്ത് കൈയില്‍ കൊണ്ട് ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയില്‍ മുറിവേറ്റ മോര്‍ഗന്‍റെ കൈയില്‍ നാല് തുന്നലുകള്‍ ഇടേണ്ടിവന്നിരുന്നു. കഴുത്തിന് പരിക്കുണ്ടായിരുന്ന മറ്റൊരു ഇംഗ്ലീഷ് താരം സാം ബില്ലിംഗ്സും ബാറ്റിംഗിനിറങ്ങി. ഇരുവര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായില്ല.