തന്ത്രപരമായ പിഴവുകളാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് നയിച്ചത്. വാക് പോരിലൂടെ എതിരാളികളെ തളര്‍ത്താന്‍ ഒരു ശതമാനം മാത്രമെ കഴിയു.

ലീഡ്‌സ്: ഇന്ത്യന്‍ ടീം അംഗങ്ങളുമായി അനാവശ്യമായി വാക് പോരിലേര്‍പ്പെടാനില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ ജോ റൂട്ട്. ലോര്‍ഡ്‌സ് ടെസ്റ്റിലെ പാളിച്ചകളില്‍ നിന്ന് പാഠം പഠിച്ചുവെന്നും മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോ റൂട്ട് പറഞ്ഞു. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങളുമായി ഇംഗ്ലണ്ട് താരങ്ങള്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. ഇത് ഇംഗ്ലണ്ടിന് തിരിച്ചടിയായെന്ന് മുന്‍ താരങ്ങളടക്കം വിമര്‍ശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റൂട്ടിന്റെ പ്രതികരണം.

തന്ത്രപരമായ പിഴവുകളാണ് ലോര്‍ഡ്‌സ് ടെസ്റ്റിലെ തോല്‍വിയിലേക്ക് നയിച്ചത്. വാക് പോരിലൂടെ എതിരാളികളെ തളര്‍ത്താന്‍ ഒരു ശതമാനം മാത്രമെ കഴിയു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ചില മേഖലകളിലെങ്കിലും വ്യത്യസ്തമായി ചെയ്യാമായിരുന്നു. എന്തായാലും ആ പരാജയത്തില്‍ നിന്ന് ഞങ്ങള്‍ ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിലെ ഓരോരുത്തരും വ്യക്തിപരമായി അവനവനോടും ടീമെന്ന നിലയിലും സത്യസന്ധരായിരിക്കാനാണ് ശ്രമിക്കുക.

കോലിയുടെ ടീം അവരുടെ രീതിയില്‍ കളിക്കട്ടെ. അത് ഞങ്ങലെ ബാധിക്കില്ല. പരമ്പരയില്‍ ഇനിയും മൂന്ന് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം ടെസ്റ്റ് ജയിച്ച് ശക്തമായി തിരിച്ചുവരാനാണ് ഞങ്ങള്‍ ശ്രമിക്കുക. ടോപ് ഓര്‍ഡറില്‍ ഡേവിഡ് മലന്റെ സാന്നിധ്യം ഇംഗ്ലണ്ട് ബാറ്റിംഗിന് കരുത്തുപകരും. രാജ്യാന്തര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള മലന് ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങാനാകുമെന്നും റൂട്ട് പറഞ്ഞു.

നാളെ ഹെഡിംഗ്ലിയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.