ഇന്ത്യ നാളെ സന്നാഹ മത്സരത്തിന്! മധ്യനിരയിലെ പ്രശ്നം തീര്‍ക്കണം; ഗുവാഹത്തില്‍ എതിരാളി നിലവിലെ ചാംപ്യന്മാര്‍
ഇംഗ്ലണ്ടിനെതിരെ സന്നാഹത്തിനിറങ്ങുമ്പോള്‍ മധ്യനിരയിലെ ചെറിയ പ്രശ്‌നമാണ് ഇന്ത്യയെ അലട്ടുന്നത്. ഇഷാന്‍ കിഷന്‍ കളിക്കണോ അതോ സൂര്യകുമാര്‍ യാദവ് വേണോ എന്നുള്ളതാണ് പ്രധാന ചോദ്യം.

ഗുവാഹത്തി: ഇന്ത്യക്ക് നാളെ ആദ്യ ലോകകപ്പ് സന്നാഹമത്സരം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗുവാഹത്തിയില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുക. ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും ജയിച്ച് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സ്വന്തം നാട്ടിലെ ലോകകപ്പിനിറങ്ങുന്നത്. കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരാണ്.
ഇംഗ്ലണ്ടിനെതിരെ സന്നാഹത്തിനിറങ്ങുമ്പോള്‍ മധ്യനിരയിലെ ചെറിയ പ്രശ്‌നമാണ് ഇന്ത്യയെ അലട്ടുന്നത്. ഇഷാന്‍ കിഷന്‍ കളിക്കണോ അതോ സൂര്യകുമാര്‍ യാദവ് വേണോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം. അതിന് മുമ്പ് ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്. രണ്ട് സന്നാഹ മത്സരം മുന്നില്‍ നില്‍ക്കെ ഇരുവര്‍ക്കും അവസരം ലഭിച്ചേക്കും. ഇംഗ്ലണ്ട് ഒക്ടോബര്‍ അഞ്ചിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും.
എന്നാല്‍ ലോകകപ്പിലെത്തുമ്പോള്‍ ഫിനിഷിംഗ് മികവ് കണക്കിലെടുത്ത് സൂര്യക്ക് അവസരം ലഭിച്ചേക്കും. ഓസീസിനെതിരെ രണ്ട് ഏകദിനങ്ങല്‍ലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇടങ്കയ്യനെന്നുള്ള പരിഗണന ഇഷാന് ലഭിച്ചേക്കും. ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി എന്നിവര്‍ തമ്മിലാണ് മറ്റൊരു മത്സരം. ഫോം കണക്കിലെടുത്ത് ഷമി ആദ്യ ഇലവനിലെത്തിയേക്കും.
ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നത്. ഓസീസിനെതിരായ പരമ്പരയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡിന്റെ വാക്കുകള്‍... ''ഓസീസിനെതിരെ അവസാന മത്സരത്തില്‍ മുമ്പ് ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ച് താരങ്ങള്‍ക്ക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ടീം ചൈനയിലേക്ക് പോവേണ്ടതിനാല്‍ തിലക് വര്‍മ, റുതുരാജ് ഗെയ്കവാദ് എന്നിവര്‍ നേരത്തെ നാട്ടിലേക്ക് മടങ്ങി. അതുകൊണ്ട് ടീം സന്തുലിതമാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടി. ഇനിയും ഒരാഴ്ച്ച സമയമുണ്ട്. സന്നാഹ മത്സരത്തിനായി ഗുവാഹത്തിയില്‍ എത്തുമ്പോള്‍ എല്ലാവരും അവിടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഏറ്റവും മികച്ച ടീമിനെ കളിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.'' ദ്രാവിഡ് വ്യക്തമാക്കി.