355 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തു.

ചെംസ്‌ഫോര്‍ഡ്: ഇന്ത്യ - ഇംഗ്ലണ്ട് അണ്ടര്‍ 19 യൂത്ത് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിനം 355 റണ്‍സ് വിജയലക്ഷ്യം പിന്തുരുന്നു ഇന്ത്യ ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. ആയുഷ് മാത്രെ (73), അഭിഗ്യാന്‍ കുണ്ടു (27) എന്നിവരാണ് ക്രീസില്‍. വൈഭവ് സൂര്യവന്‍ഷി (0), വിഹാന്‍ മല്‍ഹോത്ര (27) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 309നെതിരെ ഇന്ത്യ 279ന് എല്ലാവരും പുറത്തായി. 30 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് അഞ്ചിന് 324 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ സൂര്യവന്‍ഷിയുടെ വിക്കറ്റ് നഷ്ടമായി. അലക്‌സ് ഗ്രീനിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എന്നാല്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ടി20 മോഡിലാണ് ബാറ്റ് വീശുന്നത്. ഇതുവവരെ 43 പന്തുകളില്‍ നിന്നാണ് ആയുഷ് 73 റണ്‍സ് അടിച്ചെടുത്തത്. രണ്ട് സിക്‌സും 11 ഫോറും ഇതില്‍ ഉള്‍പ്പെടും. ആയുഷിന്റെ തകര്‍പ്പന്‍ ബാറ്റിംഗിനിടയിലും വിഹാന്‍ മല്‍ഹോത്രയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 27 റണ്‍സ് നേടിയ താരത്തെ റാല്‍ഫി ആര്‍ബര്‍ട്ടാണ് മടക്കുന്നത്. ആയുഷിനൊപ്പം 100 റണ്‍സ് താരം കൂട്ടിചേര്‍ത്തു.

നേരത്തെ ബി ജെ ഡോക്കിന്‍സിന്റെ (136) സെഞ്ചുറിയും ആഡം തോമസിന്റെ (91) ഇന്നിംഗ്‌സുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ ലീഡിലേക്ക് നയിച്ചത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 188 റണ്‍സ് ചേര്‍ത്തിരുന്നു. ഇരുവര്‍ക്കും പുറമെ ബെന്‍ മയേസ് (11), തോമസ് റ്യൂ (19), റോക്കി ഫ്‌ളിന്റോഫ് (32) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആര്യന്‍ സാവന്ദ് (13), ഏകാന്‍ഷ് സിംഗ് (20) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ആദിത്യ രാവത്ത് നാല് വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സില്‍ എകാന്‍ഷ് സിംഗിന്റെ (117) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തിയത്. തോമസ് റ്യൂ (59), ജെയിംസ് മിന്റോ (46) എന്നിവരും മകിച്ച പ്രകടനം പുറത്തെടുത്തു. നമന്‍ പുഷ്പക് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി വിഹാന്‍ മല്‍ഹോത്ര (120) സെഞ്ചുറി നേടി. ആയുഷ് മാത്രെ (80) മികച്ച പ്രകടനം പുറത്തെടുത്തു. റാല്‍ഫി ആല്‍ബെര്‍ട്ട് ആറ് വിക്കറ്റെടുത്തു.

YouTube video player