ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകള്‍ നേപ്പാളിനെ സഹായിച്ചപ്പോള്‍ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കുശാല്‍ ഭര്‍ട്ടല്‍ (38) - ആസിഫ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു.
കൊളംബൊ: ഏഷ്യാ കപ്പില്‍ ഇന്ത്യ - നേപ്പാള്‍ മത്സരത്തിലും മഴക്കളി. പല്ലെക്കെലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ 37.5 ഓവറില്‍ ആറിന് 178 എന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. ദിപേന്ദ്ര സിംഗ് ഐറി (27), സോംപാല്‍ കമി (11) എന്നിവരായിരുന്നു ക്രീസില്‍. 97 പന്തില്‍ 58 റണ്‍സെടുത്ത ആസിഫ് ഷെയ്ഖാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്.
ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകള്‍ നേപ്പാളിനെ സഹായിച്ചപ്പോള്‍ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കുശാല്‍ ഭര്‍ട്ടല്‍ (38) - ആസിഫ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ചേര്‍ന്ന് നല്‍കിയ മൂന്ന് അവസരം ആദ്യ അഞ്ച് ഓവറിനിടെ തന്നെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ ഭര്‍ട്ടലിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.
പിന്നീടെത്ിയ ഭീം ഷര്‍ക്കി (7), ക്യാപ്റ്റന്‍ രോഹിത് പൗഡേല്‍ (5), കുശാല്‍ മല്ല (2) എന്നവര്‍ക്ക് തിളങ്ങാനായില്ല. മൂവരേയും ജഡേജയാണ് മടക്കിയത്. വൈകാതെ ആസിഫിനെ മുഹമ്മദ് സിറാജ് പുറത്താക്കി. വിരാട് കോലിക്കായിരുന്നു ക്യാച്ച്. 23 റണ്‍സെടുത്ത ശേഷം ഗുല്‍ഷന്‍ ജായും പവലിയനില്‍ തിരിച്ചെത്തി. ഇതോടെ ആറിന് 144 എന്ന നിലയിലായി നേപ്പാള്‍. തുടര്‍ന്ന് ദിപേന്ദ്ര - സോംപാല്‍ സഖ്യം 34 കൂട്ടിചേര്‍ത്തു. ഇതിനിടെ മഴയെത്തുകയായിരുന്നു.
നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തി.
