ഹാമില്‍ട്ടണ്‍: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടി ന്യൂസിലാന്‍റ് ബൗളിംഗ് തെരഞ്ഞെടുത്തു. ഹാമിൽട്ടണിൽ രാവിലെ ഏഴരയ്ക്കാണ് കളി തുടങ്ങുക. ട്വന്റി 20 പരന്പരയിലെ അഞ്ചു കളിയും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രോഹിത് ശർമ്മ പരുക്കേറ്റ് പിൻമാറിയതിനാൽ പൃഥ്വി ഷായും മായങ്ക് അഗർവാളും ഇന്നിംഗ്സ് ഓപ്പൺചെയ്യുമെന്ന് ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞു. അഞ്ചാം നന്പറിലെത്തുന്ന കെ എൽ രാഹുലായിരിക്കും വിക്കറ്റ് കീപ്പർ.

പരുക്കേറ്റ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇല്ലാതെയാവും ന്യൂസിലൻഡ് ഇറങ്ങുക. വില്യംസണ് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥമാണ് കിവീസിനെ നയിക്കുക. ട്വന്റി 20യിൽ വില്യംസണ് പകരം ടിം സൌത്തിയാണ് കിവീസിനെ നയിച്ചത്. വില്യംസനു പകരക്കാരനായി യുവതാരം മാർക് ചാപ്മാനെ ഏകദിന ടീമിൽ ഉൾപ്പെടുത്തി.