Asianet News MalayalamAsianet News Malayalam

ഓപ്പണറായി സഞ്ജുവോ സൂര്യയോ, ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഓപ്പണിംഗിലെ മെല്ലെപ്പോക്കായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും പവര്‍പ്ലേയില്‍ നിറം മങ്ങിയതിന് ഇന്ത്യ വലിയ വില നല്‍കേണ്ടിവന്നു.

India vs New Zealand 1st T20I, India's probable XI
Author
First Published Nov 17, 2022, 8:46 PM IST

വെല്ലിംഗ്ടണ്‍: ടി20 ലോകകപ്പ് സെമി ഫൈനലിലെ നിരാശാജനകമായ തോല്‍വിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ വീണ്ടുമൊരു പരമ്പരക്കിറങ്ങുന്നു. ഇന്ത്യയെപ്പോലെ ലോകകപ്പ് സെമിയില്‍ തോറ്റ് പുറത്തായ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങളാരും ഇല്ലാതെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവരക്തവുമായാണ് ഇന്ത്യ കിവീസിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്കുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഓപ്പണിംഗിലെ മെല്ലെപ്പോക്കായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും പവര്‍പ്ലേയില്‍ നിറം മങ്ങിയതിന് ഇന്ത്യ വലിയ വില നല്‍കേണ്ടിവന്നു. നാളെ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോഴും ഓപ്പണിംഗ് ഇന്ത്യക്ക് തലവേദനയാണ്. ഇടം കൈയന്‍ ബാറ്ററെന്ന നിലയില്‍ ഇഷാന്‍ കിഷന്‍  ഓപ്പണിംഗിലെ ഒരു സ്ഥാനം ഉറപ്പിക്കുന്നുണ്ട്. ഓപ്പണര്‍ എന്ന നിലയില്‍ ഏതാനും മത്സരങ്ങളില്‍ കളിച്ചിട്ടുള്ള സൂര്യകുമാര്‍ യാദവിനെയോ സഞ്ജു സാംസണെയോ കിഷനൊപ്പം നാളെ ഓപ്പണിംഗില്‍ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. സൂര്യയും കിഷനും ഓപ്പണര്‍മാരായാല്‍ ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലെത്തും.

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടി20 നാളെ, ഇന്ത്യന്‍ സമയം, മത്സരം കാണാനുള്ള വഴികള്‍

സഞ്ജു സാംസണ്‍ ആകും സൂര്യയുടെ നാലാം നമ്പറില്‍ കളിക്കുക. അഞ്ചാം നമ്പറില്‍ പന്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നാളെ വീണ്ടും അവസരം ലഭിച്ചേക്കും. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫിനിഷറായി ആറാം നമ്പറിലെത്തുമ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴാം നമ്പറില്‍ ഇറങ്ങിയേക്കും. ലോകകപ്പില്‍ അവസരം ലഭിക്കാതിരുന്ന യുസ്‌വേന്ദ്ര ചാഹല്‍ സ്പിന്നറായി ടീമിലെത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ പേസര്‍മാരായി ടീമിലെത്തിയേക്കും.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: Ishan Kishan,Suryakumar Yadav,Shreyas Iyer,Sanju Samson,Rishabh Pant (WK),Hardik Pandya,Washington Sundar, Yuzvendra Chahal,Bhuvneshwar Kumar/Harshal Patel, Arshdeep Singh, Umran Malik/Mohammed Siraj.

Follow Us:
Download App:
  • android
  • ios