ആദ്യദിനം നഷ്ടമായതിനാല്‍ നാളെ നേരത്തെ മത്സരം തുടങ്ങും. 9.15 മുതല്‍ 11.30 വരെയാണ് ആദ്യ സെഷന്‍

ബെംഗളൂരു: ഇന്ത്യ - ന്യൂസിലന്‍ഡ് ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. ബെംഗളൂരു ചിന്നസ്വാമിയില്‍ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന് കനത്ത മഴയെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും സാധിച്ചില്ല. വരും ദിവസങ്ങളില്‍ മഴ തുടരുമെന്നതില്‍ മത്സരം നടക്കുമോ എന്നുള്ള കാര്യത്തില്‍ പോലും ഉറപ്പില്ല. ബെംഗളൂരുവില്‍ മത്സരം നടത്താനാവാത്ത വിധം മഴയാണ്. ഇരു ടീമുകളും ഇന്‍ഡോര്‍ സംവിധാനത്തില്‍ പരിശീലനം നടത്തി. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ മഴ ഉടനെയൊന്നും ശമിക്കുന്ന ലക്ഷണമില്ല. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. 

ആദ്യദിനം നഷ്ടമായതിനാല്‍ നാളെ നേരത്തെ മത്സരം തുടങ്ങും. 9.15 മുതല്‍ 11.30 വരെയാണ് ആദ്യ സെഷന്‍. ലഞ്ചിന് ശേഷം രണ്ടാം സെഷന്‍ 12.10 ആരംഭിച്ച് 02.25ന് അവസാനിക്കും. മൂന്നാം സെഷന്‍ 02.45ന് ആരംഭിച്ച് 16.45ന് അവസാനിക്കും. എന്നാല്‍ വരും ദിവസങ്ങളിലും ബെംഗളൂരുവില്‍ മഴയുണ്ടാകുമെന്നാണ് കാലവസ്ഥാ പ്രവചനം. ടെസ്റ്റ് നടക്കുന്ന നാലു ദിവസവും മഴ പെയ്യുമെന്നാണ് പ്രവചനം. ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റും മഴമൂലം തടസപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തിരുന്നു. 

കോലി പിന്നില്‍! ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും അജയ് ജഡേജ ഇന്ത്യയിലെ സമ്പന്ന ക്രിക്കറ്ററായി

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരേണ്ടതുണ്ട്. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് രചിന്‍ രവീന്ദ്രയുടെ ഫോമിലാണ് പ്രതീക്ഷ.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ്.