ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ‍ിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി ടീമിന്റെ വിജയശില്‍പിയായത് റോസ് ടെയ്‌ലറായിരുന്നു. എന്നാല്‍ സെഞ്ചുറി നേട്ടത്തിനുശേഷം പതിവുപോലെ നാക്ക് പുറത്തിട്ട് ആഘോഷിച്ച ടെയ്‌ലറെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. എന്തൊരു ഇന്നിംഗ്സായിരുന്നു അത്. പക്ഷെ സെഞ്ചുറിയടിച്ചാല്‍ താങ്കളെന്തിനാണ് ഇങ്ങനെ നാക്ക് പുറത്തിടുന്നത് എന്ന് എനിക്കൊന്ന് പറഞ്ഞുതരാമോ എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

എന്നാല്‍ നാക്ക് പുറത്തിട്ടുള്ള ആഘോഷത്തിന് പിന്നില്‍ ടെയ്‌ലര്‍ക്ക് ഒരു കഥ പറയാനുണ്ട്. 2015ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യത്യസ്തമായ തന്റെ ആഘോഷത്തെക്കുറിച്ച് ടെയ്‌ലര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ചെറുപ്രായത്തില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ സെഞ്ചുറി അടിച്ചിട്ടും എന്നെ പലവട്ടം ടീമില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അതിനുശേഷമാണ് സെഞ്ചുറി അടിച്ചശേഷം ഞാനിങ്ങനെ നാക്ക് പുറത്തിട്ട് തുടങ്ങിയത്.

എന്റെ രണ്ടാം ഏകദിന സെഞ്ചുറി നേടിയശേഷം ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ എന്നെ പുറത്തിരുത്തിയിട്ടുണ്ട്. അത് മാത്രമല്ല, ഞാനിങ്ങനെ നാക്ക് പുറത്തിടുന്നത് കാണുന്നത് എന്റെ മകള്‍ക്കും വലയി സന്തോഷമാണ്. അതും ഒരു കാരണമാണ്-ടെയ്‌ലര്‍ പറഞ്ഞു. സെലക്ടര്‍മാര്‍ക്കുള്ള മറുപടിയാണ് ടെയ്‌ലറുടെ നാക്ക് പുറത്തിടല്‍ എന്നൊരു വാദവും മുമ്പ് ക്രിക്കറ്റ് വൃത്തങ്ങളില്‍ പ്രചരിച്ചിരുന്നു.