ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ബുധനാഴ്ച ഇറങ്ങുന്നു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത്തിന്റെയും ശിഖര്‍ ധവാന്റെയും അഭാവത്തില്‍ ഓപ്പണിംഗ് പൊസിഷനില്‍ യുവതാരങ്ങള്‍ക്ക് സ്ഥാനമുറപ്പിക്കാന്‍ ലഭിക്കുന്ന അപൂര്‍വ അവസരമാണിത്.

വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തന്നെ തുടരും. ടി20 പരമ്പരയുടെ താരമായ കെ എല്‍ രാഹുലാവും അഞ്ചാം നമ്പറില്‍. ഓപ്പണിംഗും വിക്കറ്റ് കീപ്പിംഗും നല്‍കുന്ന അധികഭാരം കുറക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് രാഹുലിനെ അഞ്ചാം നമ്പറില്‍ ഇറക്കുന്നത്. രാഹുല്‍ തന്നെയാവും ഇന്ത്യയുടെ വിക്കറ്റ് കാക്കുക.

ആറാം നമ്പറില്‍ മനീഷ് പാണ്ഡെ എത്തുമ്പോള്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ ഏഴാം നമ്പറിലെത്തും. പേസര്‍മാരായി മുഹമ്മദ് ഷമിയും നവദീപ് സെയ്നിനും ജസ്പ്രീത് ബുമ്രയും അന്തിമ ഇലവനിലെത്തുമ്പോള്‍ കുല്‍ദീപ് യാദവോ യുസ്‌വേന്ദ്ര ചാഹലോ അന്തിമ ഇലവനില്‍ കളിക്കും. ടി20 പരമ്പരയില്‍ കളിക്കാതിരുന്ന കുല്‍ദീപ് യാദവിനാണ് ഏകദിന ടീമില്‍ സാധ്യത കൂടുതല്‍. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.