ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത് ഓപ്പണറായി ഇറങ്ങി അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലായിരുന്നു. എന്നാല്‍ മത്സരശേഷം ഇട്ട ട്വീറ്റില്‍ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ഒരു ബൗളര്‍ക്ക് കൊടുക്കേണ്ടതായിരുന്നു എന്നായിരുന്നു.

മുമ്പും വിവാദ കമന്റുകള്‍ പറഞ്ഞിട്ടുള്ള മ‍ഞ്ജരേക്കറോട് ഏതാണ് ആ ബൗളര്‍ എന്ന ചോദ്യവുമായി ആദ്യം രംഗത്തെത്തിയത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയായിരുന്നു. ഇതിന് മഞ്ജരേക്കര്‍ ചിരിയോടെ നല്‍കിയ മറുപടിയാകട്ടെ താങ്കളോ ബുമ്രയോ ആണ് മാന്‍ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് എന്നായിരുന്നു. ബ്രുമ്രയെ പറയാന്‍ കാരണം 3, 10,18, 20 ഓവറുകളില്‍ റണ്‍ വഴങ്ങാതെ പന്തെറിഞ്ഞതിലുള്ള മികവാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ ബുമ്ര ഒരു വിക്കറ്റെടുത്തപ്പോള്‍ ജഡേജ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി കെയ്ന്‍ വില്യംസണിന്റെയും കോളിന്‍ മണ്‍റോയുടെയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

ALSO READ: മഞ്ജരേക്കര്‍ മലക്കം മറിഞ്ഞു; ഒറ്റയടിക്ക് തട്ടിക്കൂട്ട് താരം സൂപ്പര്‍ സ്റ്റാറായി

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ജഡേജയെ പൊട്ടു പൊടിയും മാത്രം അറിയാവുന്ന കളിക്കാരനെന്ന് പറഞ്ഞ് മഞ്ജരേക്കര്‍ വിവാദത്തില്‍പ്പെട്ടിരുന്നു. പിന്നീട് ലോകകപ്പ് സെമി ഫൈനലിലെ വീരോചിത പ്രകടനത്തിനുശേഷം ജഡേജ തന്നെ വലിച്ചുകീറി പോസ്റ്ററൊട്ടിച്ചുവെന്ന് മ‍ഞ്ജരേക്കര്‍ തുറന്നു സമ്മതിക്കുകയും ചെയ്തു.