ഓക്‌ലന്‍ഡ്: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ഓക്‌ലന്‍ഡില്‍ നടക്കുന്നതിനിടെ മലയാളി താരം സഞ്ജു സാസണുവേണ്ടി സ്റ്റേഡിയത്തിലരുന്ന് ആര്‍ത്തുവിളിച്ച് മലയാളികള്‍.  ഇന്ത്യന്‍ ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന് അരികിലൂടെ നടന്ന് ഡഗ് ഔട്ടിലേക്ക് എത്തിയ സഞ്ജുവിനെ സ്റ്റേഡിയത്തിലിരുന്ന് കാണികള്‍ ഉറക്കെ വിളിച്ചു, സഞ്ജു...സഞ്ജു.. സഞ്ജു ഞങ്ങളുടെ മുത്താണ് എന്നും ആരാധകര്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതെല്ലാം കേട്ട് ബാറ്റിംഗിന് തയാറായി ക്യാപ്റ്റന്‍ വിരാട് കോലിയും സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു.

കാണികളെ ഒരു ചെറു ചിരിയോടെ തിരിച്ച് അഭിവാദ്യം ചെയ്ത സഞ്ജു അവരെ വിലക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന പാലാ രാമപുരത്തുള്ള മെല്‍വിന്‍ ജോണും സുഹൃത്തുക്കളുമാണ് സഞ്ജുവിനായി ഗ്യാലറിയിലിരുന്ന് ആര്‍ത്തുവിളിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

വെസ്റ്റ് ഇന്‍ഡീസിനും, ബംഗ്ലാദേശിനും, ശ്രീലങ്കക്കും എതിരായ ടി20 പരമ്പരകളില്‍ ടിമിലുണ്ടായിരുന്നെങ്കിലും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് സഞ‌്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ശ്രീലങ്കക്കെതിരെ ആദ്യ പന്തില്‍ സിക്സറടിച്ച് തുടങ്ങിയ സഞ്ജു രണ്ടാം പന്തില്‍ പുറത്താവുകയും ചെയ്തു. പിന്നീട് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് പുറത്തായെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതിനെത്തുടര്‍ന്ന് സഞ്ജുവിനെ പകരം ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്ന സഞ്ജു ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുശേഷം ന്യൂസിലന്‍ഡിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.