പരിക്കുകളെ തുടർന്ന് ഏകദിന ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാൻ രജത് പട്ടിദാർ തീരുമാനിച്ചു. ഇതോടെ ഖത്തറിൽ നടക്കുന്ന എസിസി ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിൽ ആയുഷ് ബദോണിക്ക് അവസരം ലഭിച്ചു. തിലക് വർമയാണ് ടീമിനെ നയിക്കുന്നത്.

ദില്ലി: പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം ഏകദിന ഫോര്‍മാറ്റില്‍ തന്നെ പരിഗണിക്കരുതെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് രജത് പട്ടിദാര്‍. നിലവിലുള്ള പരിക്കുകളില്‍ നിന്ന് പൂര്‍ണമുക്തി നേടുന്നതിനായി താരം തന്റെ കളി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ തീരുമാനത്തെ തുടര്‍ന്ന് ഖത്തറില്‍ നടക്കുന്ന എസിസി മെന്‍സ് റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമില്‍ നിന്നും പട്ടിദാറിനെ ഒഴിവാക്കേണ്ടി വന്നു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചത്.

രജത് പട്ടിദാറിന് പകരം യുവതാരം ആയുഷ് ബദോണിയെ 15 അംഗ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. നവംബര്‍ 19 മുതല്‍ 29 വരെ ഖത്തറിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. തിലക് വര്‍മയാണ് ടീമിന്റെ നായകന്‍. സമീപകാലങ്ങളിലായി തുടര്‍ച്ചയായ പരിക്കുകള്‍ പട്ടിദാറിനെ അലട്ടുന്നുണ്ട്. 2025 ഒക്ടോബറിലെ ആഭ്യന്തര സീസണിലും അദ്ദേഹത്തിന് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. കൂടാതെ 2025 ലെ ഐപിഎല്‍ മത്സരത്തിനിടെ താരത്തിന്റെ വിരലിനും പരിക്കേറ്റിരുന്നു. എന്നാല്‍ നിലവില്‍ താരം ഏത് പരിക്കാണ് നേരിടുന്നതെന്നോ, തിരിച്ചുവരവിനുള്ള സമയപരിധിയോ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യ എ സ്‌ക്വാഡ്: തിലക് വര്‍മ്മ (ക്യാപ്റ്റന്‍), റിങ്കു സിംഗ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), സൂര്യാംശ് ഷെഡ്‌ജെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹര്‍ഷ് ദുബെ, തനുഷ് കൊട്ടിയാന്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, അര്‍ഷദ് ഖാന്‍, ആയുഷ് ബദോണി.

ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ടീം ഇടംപിടിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ എ, നേപാള്‍, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. നവംബര്‍ 20-ന് നേപാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് നവംബര്‍ 22ന് പാകിസ്ഥാന്‍ എ ടീമിനെയും, നവംബര്‍ 24-ന് യുഎഇയെയും ഇന്ത്യ നേരിടും. ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ സെമിഫൈനലിലേക്ക് മുന്നേറും. നവംബര്‍ 29-നാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

YouTube video player