ഹാമില്‍ട്ടണ്‍: ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും കിംഗാണ് താനെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തെളിയിച്ചു. ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ കളിയുടെ ഗതി മാറ്റിയത് ന്യൂസിലന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ റണ്ണൗട്ടായിരുന്നു. കിവി ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു അവിശ്വസനീയ റണ്ണൗട്ടിന് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ശിവം ദുബെയുടെ പന്ത് മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് അടിച്ച മണ്‍റോ രണ്ടാം റണ്ണിനായി ഓടി.

ബൗണ്ടറിയില്‍ നിന്ന് പന്തെടുത്ത് ത്രോ ചെയ്ത ഷര്‍ദ്ദുല്‍ ഠാക്കൂര്‍ അത് വിക്കറ്റ് കീപ്പര്‍ക്ക് നേരെ എറിയാതെ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ നില്‍ക്കുകയായിരുന്ന കോലിയുടെ കൈകകളിലേക്കാണ് എറിഞ്ഞുകൊടുത്തത്. പന്ത് കൈയിലെത്തിയ നിമിഷം ഒന്ന് വെട്ടിത്തിരിഞ്ഞ് നേരെ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റിലേക്ക് മിന്നല്‍ വേഗത്തില്‍ ത്രോ ചെയ്ത കോലിയുടെ ഉന്നം പിഴച്ചില്ല. പന്ത് നേരെ വിക്കറ്റില്‍. കോലിയുടെ ആ ത്രോ പ്രതീക്ഷിക്കാതിരുന്ന മണ്‍റോ ക്രീസിന് പുറത്തായിരുന്നു.

കാണികള്‍ അവിശ്വസനീയതയോടെ കൈയടിച്ച നിമിഷം. 47 പന്തില്‍ 64 റണ്‍സെടുത്ത മണ്‍റോ വീണതോടെ ന്യൂസിലന്‍ഡ് ബാറ്റിംഗ് നിര ആടിയുലഞ്ഞു. അവസാന ഓവറില്‍ ടിം സീഫര്‍ട്ടിനെ റണ്ണൗട്ടാക്കി കെ എല്‍ രാഹുലും ഫീല്‍ഡിംഗില്‍ ഇന്ത്യക്കായി തിളങ്ങി. എന്നാല്‍ അനായാസ ക്യാച്ചുകള്‍ കൈവിട്ട് ശ്രേയസ് അയ്യരും നവദീപ് സൈനിയും ജസ്പ്രീത് ബുമ്രയുമെല്ലാം ഫീല്‍ഡില്‍ ഇന്ത്യക്ക് നിരാശ സമ്മാനിക്കുകയും ചെയ്തു.