ഓക്‌ലന്‍ഡ്: ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് കണക്കുതീര്‍ത്ത് ഇന്ത്യക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് നേടിയപ്പോള്‍ നിര്‍ണായകമായത് റോസ് ടെയ്‌ലറുടെ ബാറ്റിംഗായിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി കിവീസിനെ ജയിപ്പിച്ച ടെയ്‌ലര്‍ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ടീമിന്റെ നെടുന്തൂണായി.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് കിവീസിനെ കീഴടക്കി ആശ്വാസജയമെങ്കിലും നേടണമെങ്കില്‍ ടെയ്‌ലറെ വേഗം പുറത്താക്കേണ്ടിവരുമെന്ന് ഇന്ത്യന്‍ പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പറഞ്ഞു. പരമ്പരയിലെ രണ്ട് കളികളിലും ടെയ്‌ലറെ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായിട്ടില്ല.

റോസ് ടെയ്‌ലര്‍ മനോഹരമായാണ് ബാറ്റ് ചെയ്യുന്നത്. ഫോമിലായാല്‍ ലെഗ് സൈഡില്‍ ദൈവത്തെപ്പോലെ കളിക്കാന്‍ ടെയ്‌ലര്‍ക്കാവും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടെയ്‌ലറെ പുറത്താക്കാന്‍ അവസരം ലഭിച്ചതായിരുന്നു. പക്ഷെ അത് നമുക്ക് മുതലാക്കാനായില്ല. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തിലെങ്കിലും ടെയ്‌ലറെ വേഗം പുറത്താക്കേണ്ടതുണ്ട്.

ഗ്രൗണ്ടിന്റെ പ്രത്യേകതകള്‍കൊണ്ട് ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ അധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഠാക്കൂര്‍ പറഞ്ഞു.ഓരോ ഗ്രൗണ്ടിലും ഒരു ഭാഗത്ത് ചെറിയ ബൗണ്ടറിയായിരിക്കും. അതുകൊണ്ടുതന്നെ ബൗളിംഗ് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം-ഠാക്കൂര്‍ പറഞ്ഞു.