ദില്ലി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. പിച്ച് പേസിനെ തുണക്കുന്നതോ സ്പിന്നിനെ തുണക്കുന്നതോ ആകട്ടെ, അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ ഇറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗംഭീര്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതി കോളത്തില്‍ പറഞ്ഞു.

ഹനുമാ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജക്ക് ഇന്ത്യ അന്തിമ ഇലവനില്‍ അവസരം നല്‍കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യ നാല് ബൗളര്‍മാരുമായാണ് ഇറങ്ങിയത്. അശ്വിന്‍ മാത്രമായിരുന്നു ടീമിലെ ഏക സ്പിന്നര്‍. ക്രൈസ്റ്റ് ചര്‍ച്ചിലെ പിച്ച് പേസിനെ തുണക്കുന്നതാണ് ചരിത്രം. ഈ സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് നാലു പേസര്‍മാരുമായി ഇറങ്ങുമെന്ന് കിവീസ് താരം ട്രെന്റ് ബോള്‍ട്ട് ഇന്ന് സൂചന നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങണമെന്ന് ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹേഗ്‌ലി ഓവലിലെ പിച്ചിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ പച്ചപ്പ് നിറഞ്ഞ ഗ്രൗണ്ടില്‍ പിച്ച് തിരിച്ചറിയാനാവുന്നില്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് പരമ്പര സമനിലയാക്കാന്‍ രണ്ടാം ടെസ്റ്റില്‍ ജയിക്കേണ്ടത് അനിവാര്യമാണ്.